ഒളിംപിക്‌‌സ് ഹോക്കി യോഗ്യതാ റൗണ്ട്: അവസാന പ്രതീക്ഷയുമായി ഇന്ത്യയിറങ്ങുന്നു

By Web TeamFirst Published Nov 1, 2019, 8:32 AM IST
Highlights

ടോക്കിയോയിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കാന്‍ ഇന്ത്യന്‍ ഹോക്കിക്ക് അവസാന അവസരം 
 

ഭുവനേശ്വര്‍: ഒളിംപിക്‌‌സ് ഹോക്കി യോഗ്യതാ റൗണ്ടിൽ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. രണ്ട് ദിവസങ്ങളിലായി നടക്കുന്ന മത്സരത്തില്‍ പുരുഷ വിഭാഗത്തിൽ റഷ്യയെയും വനിത വിഭാഗത്തിൽ അമേരിക്കയെയും ആണ് ഇന്ത്യ നേരിടുന്നത്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ഇന്നും നാളെയുമായാണ് യോഗ്യതാ മത്സരങ്ങള്‍.

മന്‍പ്രീത് സിംഗ് നായകനായ പുരുഷ ടീമിന് വ്യക്തമായ മേൽക്കൈയുണ്ടെന്നാണ് വിലയിരുത്തൽ. ലോക റാങ്കിംഗില്‍ ഇന്ത്യ അഞ്ചാമതും എതിരാളികളായ റഷ്യ 22-ാം സ്ഥാനത്തുമാണ്. സീനിയര്‍ ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷ് ആണ് ടീമിലെ മലയാളി സാന്നിധ്യം.

വനിതാ വിഭാഗത്തില്‍ എന്തും സംഭവിക്കാം. ലോക റാങ്കിംഗില്‍ ഇന്ത്യ ഒന്‍പതാമതും അമേരിക്ക പതിമൂന്നാം സ്ഥാനത്തുമാണ്. റാങ്കിംഗില്‍ ഇന്ത്യ മുന്നിലെങ്കിലും ഷൂട്ട് ഓഫ് മത്സരങ്ങളുടെ സമ്മര്‍ദ്ദം അതിജീവിക്കുകയാണ് പ്രധാനം. യോഗ്യതാ റൗണ്ടിൽ ഇതുവരെ നടന്ന മത്സരങ്ങളില്‍ റാങ്കിംഗിൽ മുന്നിലുള്ള ആതിഥേയ ടീമുകളാണ് ജയിച്ചത്. 

അതുകൊണ്ടുതന്നെ റാണി രാംപാലിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം തുടര്‍ച്ചയായ രണ്ടാം ഒളിംപിക്സിനും യോഗ്യത നേടുമെന്ന് പ്രതീക്ഷിക്കാം. വനിതകളുടെ മത്സരം
വൈകിട്ട് ആറിനും പുരുഷന്മാരുടെ മത്സരം രാത്രി എട്ടിനും തുടങ്ങും.

click me!