ഇനിയൊരു അഫീലിന്‍റെ കണ്ണീര്‍ വീഴില്ല; കായികമേളകളിൽ അപകടം ഒഴിവാക്കാൻ നടപടി: ഇ പി ജയരാജൻ

By Web TeamFirst Published Oct 30, 2019, 12:31 PM IST
Highlights

പാലായില്‍ കായികമേളക്കിടെ ഹാമര്‍ തലയില്‍ വീണ് പാലാ സെന്‍റ് തോമസ് ഹയര്‍ സെക്കന്‍ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അഫീല്‍ ജോണ്‍സണ്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.  

തിരുവനന്തപുരം: സംസ്ഥാനത്ത് കായികമേളകളിൽ അപകടം ഒഴിവാക്കാൻ മുൻകരുതലെടുക്കുമെന്ന് കായിക മന്ത്രി ഇ പി ജയരാജൻ നിയമസഭയില്‍. പാലായില്‍ കായികമേളക്കിടെ ഹാമര്‍ തലയില്‍ വീണ് പാലാ സെന്‍റ് തോമസ് ഹയര്‍ സെക്കന്‍ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അഫീല്‍ ജോണ്‍സണ്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.  

സ്‌കൂൾ ജില്ലാ മീറ്റുകളിൽ നിരീക്ഷകരെ നിയോഗിച്ചതായും ത്രോ ഇനങ്ങൾ ഒരുസമയത്ത് ഒരെണ്ണം എന്ന രീതിയിൽ ക്രമീകരിക്കുമെന്നും കായിക മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ഹാമർ ത്രോ അപകടത്തെ കുറിച്ചുള്ള ചെന്നിത്തലയുടെ ശ്രദ്ധ ക്ഷണിക്കലിനാണ് ഇ പി ജയരാജന്‍റെ മറുപടി.

കായിക കേരളത്തിന്‍റെ കണ്ണീരായി അഫീല്‍

പാലായില്‍ നടന്ന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിന്‍റെ ആദ്യ ദിനത്തില്‍ ഒക്‌ടോബര്‍ നാലിനായിരുന്നു കേരളത്തെ നടുക്കിയ ദുരന്തം. ഗ്രൗണ്ടില്‍ വീണ ജാവലിന്‍ എടുത്തുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ വോളണ്ടിയറായിരുന്ന അഫീലിന് തലയില്‍ ഹാമര്‍ പതിച്ച് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. തലയോട്ടിക്ക് പരിക്കേറ്റ അഫീല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ 15 ദിവസം ചികില്‍സയില്‍ കഴിഞ്ഞു. എന്നാല്‍ വിദഗ്ധ ഡോക്‌ടര്‍മാരുടെ സേവനം ലഭ്യമാക്കിയിരുന്നെങ്കിലും അഫീലിനെ രക്ഷിക്കാനായില്ല. 

ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിരുന്നെങ്കിലും കടുത്ത ന്യുമോണിയ ബാധ പ്രതീക്ഷകള്‍ തകര്‍ക്കുകയായിരുന്നു. വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സംഘാടകര്‍ക്ക് വീഴ്‌ച പറ്റിയെന്ന് കായിക വകുപ്പ് കണ്ടെത്തിയിരുന്നു. ഒരേസമയം നിരവധി മത്സരങ്ങള്‍ നടത്താന്‍ ശ്രമിച്ചതാണ് വിനയായത് എന്നാണ് കണ്ടെത്തല്‍. 

അഫീല്‍ ജോണ്‍സണ്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലേക്ക് നീങ്ങുകയാണ് അന്വേഷണ സംഘം. ജാവലിന്‍ ത്രേ മത്സരങ്ങളുടെ ചുമതലക്കാരും റഫറിമാരുമായ ജോസഫ്, നാരായണന്‍കുട്ടി, കാസിം, മാര്‍ട്ടിന്‍ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. മനപ്പൂര്‍വമല്ലാത്ത നരഹത്യയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് അഫീലിന്‍റെ മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു.

click me!