മംഗളൂരുവിൽ നടന്ന അഖിലേന്ത്യാ ഇന്റർ-യൂണിവേഴ്സിറ്റി അത്‌ലറ്റിക് മീറ്റിൽ 800 മീറ്റർ ഓട്ടത്തിൽ ഒന്നാമതെത്തിയ അഞ്ജുവിനെ മെഡൽദാന ചടങ്ങിന് മുൻപ് കാണാതായി.

മംഗളൂരു: ഓട്ടമത്സരത്തില്‍ ഓടി ഒന്നാമതെത്തിയ ആള്‍ സമ്മാനം ഏറ്റുവാങ്ങാനെത്തിയില്ല. ഇതോടെ രണ്ടാം സ്ഥാനക്കാരിയായ അഞ്ജലി ജേതാവായി. മംഗളൂരുവിലെ മൂഡ്ബിദ്രിയില്‍ നടന്ന 85-ാമത് അഖിലേന്ത്യാ ഇന്റര്‍-യൂണിവേഴ്‌സിറ്റി അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലാണ് സംഭവം. വനിതകളുടെ 800 മീറ്ററില്‍ ജേതാവായ അഞ്ജു മെഡല്‍ദാന ചടങ്ങില്‍ പങ്കെടുക്കാതെ വന്നതോടെ രണ്ടാം സ്ഥാനക്കാരിയായ അഞ്ജലിയെ ജേതാവായി പ്രഖ്യാപിച്ചു. ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയാണ് അഞ്ജു. ഗുരു നാനാക് ദേവ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയാണ് അഞ്ജലി.

മത്സരത്തില്‍ ഒന്നാമതെത്തിയ അഞ്ജുവിനെതിരെ മെഡല്‍ ദാന ചടങ്ങിന് മുന്‍പ് മത്സരം നിയന്ത്രിച്ചിരുന്ന ജൂറിക്ക് പരാതി ലഭിച്ചിരുന്നു. ഇതോടെ ടീം മാനേജര്‍ക്ക് അഞ്ജുവിനെ ഹാജരാക്കാന്‍ നിര്‍ദേശം ജൂറി നിര്‍ദേശം നല്‍കി. എന്നാല്‍ അഞ്ജുവിനെ കാണാനില്ലെന്നാണ് ടീം മാനേജര്‍ നല്‍കിയ മറുപടി. ഇതോടെ 24 മണിക്കൂര്‍ നേരം കാത്തിരുന്നു. എന്നാല്‍ അഞ്ജു വന്നില്ല. ഒടുവില്‍ രണ്ടാം സ്ഥാനക്കാരി അഞ്ജലിയെ ജേതാവായി പ്രഖ്യാപിച്ചു.

അതേസമയം മത്സരത്തില്‍ മികച്ച നിലയില്‍ പ്രകടനം നടത്തിയ എട്ട് പേരെ ഖേലോ ഇന്ത്യയിലേക്ക് പരിഗണിക്കും. അതിനാല്‍ അഞ്ജു ഇതിലേക്ക് പരിഗണിക്കപ്പെടുമെന്നാണ് കരുതുന്നത്. നേരത്തെ വനിതകളുടെ ഹാഫ് മാരത്തണിലും സമാനമായ സംഭവം നടന്നിരുന്നു. ചൗധരി ചരണ്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി ഗംഗയെ ഒഴിവാക്കി മൂന്നാം സ്ഥാനക്കാരിയായി മത്സരത്തില്‍ നാലാമതെത്തിയ ഖുഷ്ബു പട്ടേലിന് സ്ഥാനക്കയറ്റം നല്‍കുകയായിരുന്നു.