വിംബിള്‍ഡണ്‍ വനിതാ ചാമ്പ്യനെ ഇന്നറിയാം; ഇഗ-അമാന്‍ഡ മത്സരം വൈകിട്ട്; ആര് ജയിച്ചാലും പുതിയ കിരീടാവകാശി

Published : Jul 12, 2025, 09:39 AM IST
Iga Swiatek and Amanda Anisimova

Synopsis

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ഇന്ന് ഇഗാ സ്വിയടെക് അമാന്‍ഡ അനിസിമോവയെ നേരിടും. 

ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ ചാമ്പ്യനെ ഇന്നറിയാം. ഇഗാ സ്വിയടെക്, ഫൈനലില്‍ അമാന്‍ഡ അനിസിമോവയെ നേരിടും. രാത്രി 8.30നാണ് മത്സരം. ഇന്ന് ആര് ജയിച്ചാലും വിംബിള്‍ഡണ് പുതിയ ചാമ്പ്യനെ ലഭിക്കും. വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ പുതിയ ചാമ്പ്യനെ കാത്തിരിക്കുന്നത് തുടര്‍ച്ചയായ എട്ടാം തവണ. 2016ല്‍ സെറീന വില്യംസിന് ശേഷം ആര്‍ക്കും സെന്റര്‍ കോര്‍ട്ടില്‍ കിരീടം നിലനിര്‍ത്താനായിട്ടില്ല. സെമിയില്‍ ലോക ഒന്നാം നമ്പര്‍താരം അറീന സബലെന്‍കയെ വീഴ്ത്തിയ ആത്മവിശ്വാസത്തിലാണ് അമേരിക്കന്‍താരം അമാന്‍ഡ അനിസിമോവ.

കഴിഞ്ഞ വര്‍ഷം യോഗ്യതാ റൗണ്ടില്‍ തോറ്റ അമാന്‍ഡയ്ക്ക് പന്ത്രണ്ട് മാസത്തിനിപ്പുറം ആദ്യ ഗ്രാന്‍സ്ലാം ഫൈനല്‍. രണ്ട് മണിക്കൂറും 35 മിനിറ്റും നീണ്ടുനിന്ന സെമിയില്‍ ഒന്നിനെതിരെ രണ്ട്‌സെറ്റുകള്‍ക്ക് ആയിരുന്നു പതിമൂന്നാം സീഡായ അമാന്‍ഡയുടെ ജയം. വിംബിള്‍ഡണില്‍ ആദ്യത്തേയും ആറാം ഗ്രാന്‍സ്ലാം കിരീടവും ലക്ഷ്യമിടുന്ന ഇഗ സെമിയില്‍ നേടിയത് അനായാസ വിജയം. ബെലിന്‍ഡ ബെന്‍സിച്ചിനെ തകര്‍ത്തത് നേരിട്ടുള്ള സെറ്റുകള്‍ക്ക്. എട്ടാം സീഡായ ഇഗ സെമിയില്‍ വിട്ടു കൊടുത്തത് രണ്ട് പോയിന്റ് മാത്രം. പ്രൊഫണല്‍ ടെന്നിസില്‍ ഇഗയും അമാന്‍ഡയും നേര്‍ക്കുനേര്‍ വരുന്നത് ആദ്യമായി. ജൂനിയര്‍ തലത്തില്‍ ഒരിക്കല്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം ഇഗയ്‌ക്കൊപ്പമായിരുന്നു.

വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ യാനിക് സിന്നര്‍, കാര്‍ലോസ് അല്‍കാരസ് സൂപ്പര്‍ പോരാട്ടം. ലോക ഒന്നാം നമ്പര്‍ താരമായ സിന്നര്‍ നേരിട്ടുളള സെറ്റുകള്‍ക്ക് മുന്‍ ചാമ്പ്യന്‍ നൊവാക് ജോകോവിച്ചിനെ തോല്‍പിച്ചു. 6-3, 6-3, 6-4 എന്ന സ്‌കോറിനായിരുന്നു ഇറ്റാലിയന്‍ താരത്തിന്റെ ജയം. ഏഴ് വര്‍ഷത്തിനിടെ ആദ്യമായാണ് ജോകോവിച്ചില്ലാതെ വിംബിള്‍ഡണ്‍ ഫൈനല്‍ നടക്കുന്നത്. ഏഴ് തവണ ചാമ്പ്യനായ ജോകോവിച്ചിനെ തോല്‍പിച്ച സിന്നര്‍ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഫൈനലില്‍ ഇറങ്ങുന്നത്.

നിലവിലെ ചാമ്പ്യനായ കാര്‍ലോസ് അല്‍കാരസ് സെമിയില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് അമേരിക്കയുടെ ടൈലര്‍ ഫ്രിറ്റ്‌സിനെ തോല്‍പിച്ചു. സ്‌കോര്‍ 6-4, 5-7, 6-3, 7-6. ആദ്യ സെറ്റ് നേടിയ അല്‍കാരസ്, രണ്ടാം സെറ്റ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ മൂന്നും നാലും സെറ്റുകള്‍ സ്വന്തമാക്കി അല്‍കാരസ് ഫൈനലിലെത്തി. ഹാട്രിക് കിരീടം ലക്ഷ്യമിട്ടാണ് അല്‍കാരസ് ഇറങ്ങുന്നത്. അവസാന രണ്ട് തവണയും ജോകോവിച്ചിനെ തോല്‍പിച്ചാണ് അല്‍കാരസ് കിരീടം നേടിയത്. ഞായറാഴ്ചയാണ് സിന്നര്‍ - അല്‍കാരസ് ഫൈനല്‍.

PREV
Read more Articles on
click me!

Recommended Stories

രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ റോയ് വര്‍ഗീസും
വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി