ഉത്തേജക മരുന്ന് ഉപയോഗം; ബോക്സിംഗ് താരം നീരജിനെ സസ്പെന്‍ഡ് ചെയ്തു

By Web TeamFirst Published Dec 2, 2019, 7:41 PM IST
Highlights

ഒളിംപിക്സ് മെഡല്‍ സാധ്യത കണക്കിലെടുത്ത് വിദഗ്ധ പരിശീലനത്തിനായി(ടാര്‍ഗറ്റ് ഒളിംപിക് പോഡിയം) തെരഞ്ഞെടുത്ത എട്ട് ബോക്സിംഗ് താരങ്ങളില്‍ ഒരാളുമാണ് നീരജ്.

ദില്ലി: ഇന്ത്യയുടെ ഒളിംപിക്സ് മെഡല്‍ സ്വപ്നങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി വനിതാ ബോക്സിംഗ് താരം നീരജിനെ ഉത്തേജക മരുന്ന് ഉപയോഗത്തിന്റെ പേരില്‍ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ) സസ്പെന്‍ഡ് ചെയ്തു. 57 കിലോ ഗ്രാം വിഭാഗത്തില്‍  ടോക്കിയോ ഒളിംപിക്സിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു നീരജ്.

ഒളിംപിക്സ് മെഡല്‍ സാധ്യത കണക്കിലെടുത്ത് വിദഗ്ധ പരിശീലനത്തിനായി(ടാര്‍ഗറ്റ് ഒളിംപിക് പോഡിയം) തെരഞ്ഞെടുത്ത എട്ട് ബോക്സിംഗ് താരങ്ങളില്‍ ഒരാളുമാണ് നീരജ്. സെപ്റ്റംബര്‍ 24ന് ശേഖരിച്ച നീരജിന്റെ സാംപിളിലാണ് നിരോധിത മരുന്നായ ലിഗാന്‍ഡ്രോളിന്റെയും അനബോളിക് സ്റ്റിറോയ്ഡിന്റെയും സാന്നിധ്യം കണ്ടെത്തിയത്. മുന്‍ ദേശീയ ചാമ്പ്യന്‍ കൂടിയാണ് നീരജ്.

പരിശോധനയിലെ കണ്ടെത്തലുകള്‍ നീരജ് അംഗീകരിച്ചു. എന്നാല്‍ നീരജിനെതിരെ ഇതുവരെ ശിക്ഷാ നടപടി കൈക്കൊണ്ടിട്ടില്ലെന്ന് ദേശീയ ബോക്സിംഗ് ഫെഡറേഷന്‍ വ്യക്തമാക്കി. ദേശീയ ക്യാംപില്‍ നിന്ന് അവധിയെടുത്ത നീരജ് ഇപ്പോള്‍ എവിടെയാണുള്ളതെന്ന് അറിയിലലെന്നും ഫെഡറേഷന്‍ വക്താവ് പറഞ്ഞു. അടുത്തിടെ റഷ്യയില്‍ നടന്ന ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച നീരജ് പ്രാഥമിക റൗണ്ടില്‍ പുറത്തായിരുന്നു.

click me!