സെമിയിലേക്ക് കുതിക്കാന്‍ മുണ്ടൂര്‍ എക്‌സ്‌പ്രസ്; പി യു ചിത്ര ട്രാക്കിലിറങ്ങുന്നത് രാത്രി

By Web TeamFirst Published Oct 2, 2019, 8:48 AM IST
Highlights

ലോക റാങ്കിംഗിൽ 37-ാം സ്ഥാനത്തുളള ചിത്ര അവിശ്വസനീയമായ കുതിപ്പ് നടത്തിയാൽ അഞ്‌ജു ബോബി ജോർജ്ജിന് ശേഷം വീണ്ടും ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഒരു മെഡൽ ഇന്ത്യയിലെത്തും.

ദോഹ: ലോക അത്‍‍ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സെമിഫൈനല്‍ ലക്ഷ്യമാക്കി പി യു ചിത്ര ഇന്ന് മത്സരിക്കും. 1500 മീറ്ററിലെ രണ്ടാം ഹീറ്റ്സിലാണ് മലയാളി താരം മത്സരിക്കുന്നത്. സീസണിലെ പ്രകടനം പരിശോധിച്ചാൽ ഹീറ്റ്സില്‍ മത്സരിക്കുന്ന 12 പേരിൽ പതിനൊന്നാം സ്ഥാനത്താണ് ചിത്ര. ദോഹയിൽ ഇന്ത്യന്‍ സമയം രാത്രി 8.15നാണ് മത്സരം. സെമി നാളെയും ഫൈനൽ ശനിയാഴ്‌ചയും നടക്കും.

മകള്‍ ട്രാക്കിലിറങ്ങുന്നതും കാത്തിരിക്കുകയാണ് ചിത്രയുടെ മാതാപിതാക്കൾ. കഴിഞ്ഞ തവണ ലണ്ടൻ മേളയിൽ ചിത്രക്ക് അവസരം നഷ്ടമായതിന്റെ നിരാശ മാറ്റിവയ്ക്കുകയാണ് മുണ്ടൂർ പാലക്കീഴിൽ വീട്ടില്‍ ഉണ്ണികൃഷ്ണനും വസന്തകുമാരിയും. പ്രതിസന്ധികൾ തരണം ചെയ്ത് മകൾ ലോകമീറ്റിന്‍റെ ട്രാക്കിലിറങ്ങുന്നതിന്റെ സന്തോഷം. സീസണിൽ മകൾ നല്ല പ്രകടനം കാഴ്‌ചവെച്ചന്ന ആത്മവിശ്വാസമുണ്ടിവർക്ക്. ലോക താരങ്ങളോടൊപ്പം മത്സരിക്കുമ്പോൾ മത്സരഫലത്തേക്കാളുപരി പങ്കാളിത്തം തന്നെയാണ് പ്രധാനമെന്നും മാതാപിതാക്കൾ പറയുന്നു.

ഏഷ്യൻ ചാമ്പ്യനെന്ന നിലയിലാണ് ചിത്ര 1500 മീറ്ററിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. 4.06.50 യോഗ്യത സമയം മറികടക്കാനായില്ലെങ്കിലും പ്രതീക്ഷയിലാണ് ഇന്ത്യൻ ക്യാംപ്. ഈ സീസണിൽ 4.13.52 ആണ് ചിത്ര കണ്ടെത്തിയ മികച്ച സമയം. ലോക റാങ്കിംഗിൽ 37-ാം സ്ഥാനത്തുളള ചിത്ര അവിശ്വസനീയമായ കുതിപ്പ് നടത്തിയാൽ അഞ്‌ജു ബോബി ജോർജ്ജിന് ശേഷം വീണ്ടും ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഒരു മെഡൽ ഇന്ത്യയിലെത്തും.

click me!