ലോക അത്‍‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്: ജാബിര്‍ സെമിയില്‍ പുറത്ത്; ദ്യുതിക്ക് സീസണിലെ മോശം പ്രകടനം

By Web TeamFirst Published Sep 28, 2019, 9:31 PM IST
Highlights

49.71 സെക്കന്‍ഡിലാണ് ജാബിറിന്‍റെ  ഫിനിഷ്.  ഈയിനത്തില്‍, ലോകവേദിയിൽ  ഇന്ത്യന്‍ പുരുഷതാരത്തിന്‍റെ ഏറ്റവും മികച്ച പ്രകടനമാണിത്.

ദോഹ:ലോക അത്‍‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ 400 മീറ്റര്‍ ഹര്‍ഡിൽസില്‍   മലയാളിതാരം എം.പി.ജാബിര്‍ സെമിയിൽ പുറത്തായി.  സെമിയിലെ മൂന്നാം ഹീറ്റ്സിൽ ജാബിര്‍ അഞ്ചാം സ്ഥാനത്ത്  ഫിനിഷ് ചെയ്തു. 49.71 സെക്കന്‍ഡിലാണ് ജാബിറിന്‍റെ  ഫിനിഷ്.  ഈയിനത്തില്‍, ലോകവേദിയിൽ  ഇന്ത്യന്‍ പുരുഷതാരത്തിന്‍റെ ഏറ്റവും മികച്ച പ്രകടനമാണിത്.

സെമിയിലെ എല്ലാ ഹീറ്റ്സിലെയും പ്രകടനം പരിശോധിച്ചാൽ, ആകെ മത്സരിച്ച 24 പേരില്‍ ജാബിര്‍ പതിനാറാം സ്ഥാനത്താണ് എത്തിയത്.  അതേസമയം വനിതകളുടെ 100 മീറ്ററില്‍, ഇന്ത്യയുടെ ദ്യുതി ചന്ദ് സെമി കാണാതെ  പുറത്തായി. ഹീറ്റ്സില്‍  ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ദ്യുതിക്ക്, മികച്ച പ്രകടനം നടത്താനേ കഴിഞ്ഞില്ല. 11.48 സെക്കന്‍ഡിലാണ് ദ്യുതി ഫിനിഷ് ചെയ്തത്. സീസണിലെ ദ്യുതിയുടെ ഏറ്റവും മോശം സമയമാണിത്. ആകെ 47 പേര്‍ മത്സരിച്ചതില്‍ 37-ാം സ്ഥാനത്താണ് ദ്യുതി ഫിനിഷ് ചെയ്തത്.

മൂന്നാം ഹീറ്റ്സില്‍ 11,14 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് എലൈന്‍ തോംപ്സാണ് ഏറ്റവും മികച്ച സമയം കുറിച്ചത്. മലയാളി താരങ്ങളായ മുഹമ്മദ് അനസ് , വി കെ വിസ്മയ,ജിസ്ന മാത്യു എന്നിവര്‍ അടങ്ങിയ ടീം, അൽപ്പസമയത്തിനകം മിക്സ്ഡ് റിലേയിൽ മത്സരിക്കും

click me!