Latest Videos

ബ്രിജ് ഭൂഷന്‍റെ അറസ്റ്റില്‍ കുറഞ്ഞൊന്നും പാടില്ല, കടുത്ത സമരം തുടങ്ങും; മുന്നറിയിപ്പുമായി കര്‍ഷക നേതാക്കള്‍

By Web TeamFirst Published Jun 2, 2023, 6:03 PM IST
Highlights

കഴിഞ്ഞ ജനുവരി 18നാണ് ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ആരോപണവുമായി താരങ്ങള്‍ രംഗത്തെത്തിയത്

ദില്ലി: ലൈംഗിക പീഡന കേസില്‍ ഗുസ്‌തി ഫെഡറേഷന്‍ പ്രസിഡന്‍റും ബിജെപി എംപിയുമായി ബ്രിജ് ഭൂഷന്‍ സിംഗിനെതിരെ നടപടിയെടുക്കാന്‍ സർക്കാരിന് ഒമ്പതാം തിയ്യതി വരെ സമയം നൽകുമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍. 'അറസ്റ്റിൽ കുറഞ്ഞതൊന്നും സ്വീകരിക്കില്ല. ഒന്‍പതാം തീയതിക്കുള്ളിൽ അറസ്റ്റ് ഉണ്ടായില്ലെങ്കിൽ ജന്തർ മന്തറിൽ വീണ്ടും സമരം ആരംഭിക്കും. കർഷക സമരത്തിന് സമാനമായ രീതിയിലായിരിക്കും ഗുസ്‌തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുള്ള സമരമെന്നും' കര്‍ഷക സംഘടനാ നേതാക്കള്‍ ഖാപ് പഞ്ചായത്തിനൊടുവില്‍ വ്യക്തമാക്കി. ഈ മാസം ഒമ്പതാം തീയതിക്കുള്ളിൽ താരങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കണമെന്നും കര്‍ഷകരുടെ ആവശ്യത്തിലുണ്ട്. 

കഴിഞ്ഞ ജനുവരി 18നാണ് ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ആരോപണവുമായി താരങ്ങള്‍ രംഗത്തെത്തിയത്. ഫെഡറേഷൻ പിരിച്ചുവിടണമെന്നും ബ്രിജ് ഭൂഷനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നുമുള്ള ആവശ്യങ്ങളായിരുന്നു താരങ്ങള്‍ ഉയർത്തിയത്. മൂന്ന് ദിവസം നീണ്ടുനിന്ന സമരത്തിനൊടുവിൽ താരങ്ങളുടെ പരാതി അന്വേഷിക്കാൻ കായിക മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. മേരി കോം അധ്യക്ഷയായ ആറംഗസമിതിയാണ് ഇവരുടെ പരാതികൾ അന്വേഷിക്കുന്നത്. വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും തുടര്‍ നടപടികള്‍ ഉണ്ടാവാതെ വന്നതോടെ താരങ്ങള്‍ വീണ്ടും പ്രതിഷേധവുമായി ഇറങ്ങുകയായിരുന്നു. താരങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കോടതി നിര്‍ദേശത്താലാണ് പരാതിയിന്‍മേല്‍ കേസ് എടുക്കാന്‍ ദില്ലി പൊലീസ് തയ്യാറായത്. 

എന്നാല്‍ ബ്രിജ് ഭൂഷന്‍റെ അറസ്റ്റ് വൈകിയതോടെ താരങ്ങള്‍ പ്രതിഷേധവുമായി ജന്തർ മന്തറില്‍ ഇറങ്ങി. വിനേഷ് ഫോഗട്ട്, സാക്‌ഷി മാലിക്, ബജ്‌റംഗ് പൂനിയ തുടങ്ങിയ മുന്‍നിര താരങ്ങള്‍ ഉള്‍പ്പടെയാണ് ബ്രിജ് ഭൂഷനെതിരെ പ്രതിഷേധവുമായി ജന്തർ മന്തറിലുള്ളത്. മെയ് 28ന് ദില്ലിയിലെ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലേക്കുള്ള മാര്‍ച്ചിനിടെ ഇവരെ ദില്ലി പൊലീസ് വലിച്ചിഴച്ചിരുന്നു. താരങ്ങളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഇതിന് ശേഷം മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ സാക്ഷി മാലിക് ഉള്‍പ്പടെയുള്ള ഗുസ്‌തി താരങ്ങള്‍ ഹരിദ്വാറിലേക്ക് നീങ്ങിയെങ്കിലും കര്‍ഷക നേതാക്കള്‍ ഇടപെട്ട് താരങ്ങളെ പിന്തരിപ്പിക്കുകയായിരുന്നു. ബ്രിജ് ഭൂഷന്‍ സിംഗിനെ അറസ്റ്റ് ചെയ്‌തില്ലെങ്കില്‍ കടുത്ത സമരത്തിലേക്ക് നീങ്ങുമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ ഇതിനൊടുവിലാണ് ഖാപ് പ‌ഞ്ചായത്ത് ചേര്‍ന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

Read more: തെരുവിലൂടെ വലിച്ചിഴച്ചത് ദുഖകരം; ഗുസ്‌തി താരങ്ങള്‍ക്ക് പിന്തുണയുമായി 1983 ക്രിക്കറ്റ് ലോകകപ്പ് ടീം അംഗങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!