Asianet News MalayalamAsianet News Malayalam

തെരുവിലൂടെ വലിച്ചിഴച്ചത് ദുഖകരം; ഗുസ്‌തി താരങ്ങള്‍ക്ക് പിന്തുണയുമായി 1983 ക്രിക്കറ്റ് ലോകകപ്പ് ടീം അംഗങ്ങള്‍

ഗുസ്‌തി ഫെഡറേഷന്‍ പ്രസിഡന്‍റും ബിജെപി എംപിയുമായി ബ്രിജ് ഭൂഷന്‍ സിംഗിനെതിരെ തെരുവില്‍ പ്രതിഷേധിക്കുന്ന താരങ്ങള്‍ക്ക് 1983 ലോകകപ്പ് നേടിയ  ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പിന്തുണ

Wrestlers Protest members of 1983 World Cup wining Indian Team backed protesting wrestlers jje
Author
First Published Jun 2, 2023, 3:59 PM IST

ദില്ലി: ലൈംഗിക പീഡന കേസില്‍ ഗുസ്‌തി ഫെഡറേഷന്‍ പ്രസിഡന്‍റും ബിജെപി എംപിയുമായി ബ്രിജ് ഭൂഷന്‍ സിംഗിനെതിരെ പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങൾക്ക് 1983ല്‍ ക്രിക്കറ്റ് ലോകകപ്പ് നേടിയ താരങ്ങളുടെ പിന്തുണ. ഗുസ്‌തി താരങ്ങളെ തെരുവിലൂടെ വലിച്ചിഴച്ചത് ഏറെ ദുഃഖകരമാണ്. മെഡൽ ഗംഗയിൽ ഒഴുക്കാനുള്ള നീക്കം പോലുള്ള കടുത്ത നടപടികളിലേക്ക് താരങ്ങള്‍ പോകരുത് എന്നും ഇതിഹാസ താരങ്ങള്‍ ആവശ്യപ്പെട്ടു. നാളുകളായി പ്രതിഷേധത്തിലുള്ള വനിതകള്‍ ഉള്‍പ്പടെയുള്ള ഗുസ്‌തി താരങ്ങളുടെ സമരം ക്രിക്കറ്റര്‍മാര്‍ കണ്ടെന്ന് നടിക്കുന്നില്ല എന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് കപില്‍ ദേവും സംഘവും പിന്തുണയുമായി രംഗത്തെത്തിയത്. 

കഴിഞ്ഞ ജനുവരി 18നാണ് ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ആരോപണവുമായി താരങ്ങള്‍ രംഗത്തെത്തിയത്. ഫെഡറേഷൻ പിരിച്ചുവിടണമെന്നും ബ്രിജ് ഭൂഷനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നുമുള്ള ആവശ്യങ്ങളായിരുന്നു താരങ്ങള്‍ ഉയർത്തിയത്. മൂന്ന് ദിവസം നീണ്ടുനിന്ന സമരത്തിനൊടുവിൽ താരങ്ങളുടെ പരാതി അന്വേഷിക്കാൻ കായിക മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. മേരി കോം അധ്യക്ഷയായ ആറംഗസമിതിയാണ് ഇവരുടെ പരാതികൾ അന്വേഷിക്കുന്നത്. വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും തുടര്‍ നടപടികള്‍ ഉണ്ടാവാതെ വന്നതോടെ താരങ്ങള്‍ വീണ്ടും പ്രതിഷേധവുമായി ഇറങ്ങുകയായിരുന്നു. താരങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കോടതി നിര്‍ദേശത്താലാണ് പരാതിയിന്‍മേല്‍ കേസ് എടുക്കാന്‍ ദില്ലി പൊലീസ് തയ്യാറായത്. 

വിനേഷ് ഫോഗട്ട്, സാക്‌ഷി മാലിക്, ബജ്‌റംഗ് പൂനിയ തുടങ്ങിയ മുന്‍നിര താരങ്ങള്‍ ഉള്‍പ്പടെയാണ് ബ്രിജ് ഭൂഷനെതിരെ പ്രതിഷേധവുമായി ജന്ദര്‍മന്ദിറിലുള്ളത്. മെയ് 28ന് ദില്ലിയിലെ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലേക്കുള്ള മാര്‍ച്ചിനിടെ ഇവരെ ദില്ലി പൊലീസ് വലിച്ചിഴച്ചിരുന്നു. ഇതിന് ശേഷമാണ് മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ സാക്ഷി മാലിക് ഉള്‍പ്പടെയുള്ള ഗുസ്‌തി താരങ്ങള്‍ ഹരിദ്വാറിലേക്ക് നീങ്ങിയത്. കര്‍ഷക നേതാക്കളുടെ ചര്‍ച്ചയെ തുടര്‍ന്നാണ് താരങ്ങള്‍ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്‍വാങ്ങിയത്. നിലവിലെ ബിസിസിഐ പ്രസിഡന്‍റ് റോജര്‍ ബിന്നി, സുനില്‍ ഗാവസ്‌കര്‍, കപില്‍ ദേവ്, മൊഹീന്ദര്‍ അമര്‍നാഥ്, കെ ശ്രീകാന്ത്, സയ്യിദ് കിര്‍മാനി, യഷ്‌പാല്‍ ശര്‍മ്മ, മദന്‍ ലാല്‍, ബല്‍വീന്ദര്‍ സിംഗ് സന്ധു, സന്ദീപ് പാട്ടീല്‍, കിര്‍ത്തീ അസാദ് എന്നിവരാണ് 1983ലെ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ ഫൈനല്‍ കളിച്ച താരങ്ങള്‍.

Read more: 'എന്തിനീ മൗനം'; ഗുസ്‌തി താരങ്ങളെ പിന്തുണയ്‌ക്കാത്ത സച്ചിന്‍റെ വീടിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് ഫ്ലക്‌സ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios