വിശ്വസ്തർക്ക് സീറ്റ് നൽകണം, സമ്മർദ്ദ തന്ത്രമിറക്കി ഉമ്മൻ ചാണ്ടി, നേമം ചർച്ചകൾ നിർത്തിവെച്ചെന്ന് ഹൈക്കമാൻഡ്

By Web TeamFirst Published Mar 12, 2021, 10:41 AM IST
Highlights

കേരളത്തിൽ എൽഡിഎഫിന് നേരിയ മുൻതൂക്കമെന്ന സർവേ ഫലങ്ങളുയർത്തി ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തിന് മുന്നറിയിപ്പ് നൽകുന്നു. മികച്ച സ്ഥാനാർത്ഥികളിലൂടെ മാത്രമേ ഭരണം പിടിക്കാനൊക്കൂ. 

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ചർച്ചകളും തീരുമാനങ്ങളും അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോൾ തന്റെ വിശ്വസ്തർക്ക് വേണ്ടി ഇത്തവണയും സമ്മർദ്ദ തന്ത്രവുമായി ഉമ്മൻചാണ്ടി. കെ ബാബുവിനും, കെസി ജോസഫിനും സീറ്റ് നൽകണമെന്ന് കടുത്ത നിലപാടിലാണ് ഉമ്മൻചാണ്ടി. നേമത്തെ സ്ഥാനാർത്ഥിത്വമടക്കം ചർച്ചയാകുന്ന സാഹചര്യത്തിൽ സീറ്റ് നൽകുന്നതിലെ തീരുമാനത്തിന് അനുസരിച്ചായിരിക്കും തന്റെ സ്ഥാനാർത്ഥിത്വമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കിയതായാണ് വിവരം. 

എന്നാൽ അതേ സമയം നേമത്തെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ചർച്ച തൽക്കാലം മാറ്റി വച്ചതായാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ അറിയിക്കുന്നത്. നേമത്ത് മികച്ച സ്ഥാനാർത്ഥി വേണമെന്നേ ആവശ്യപ്പെട്ടു എന്നും പേരുകൾ ചർച്ച ചെയ്ത് തുടങ്ങിയിട്ടില്ലെന്നുമാണ് ഹൈക്കമാൻഡ് വിഷയത്തിൽ പ്രതികരിച്ചത്. കെസി വേണുഗോപാൽ മത്സരിക്കുമെന്ന അഭ്യൂഹവും തള്ളിയ ഹൈക്കമാൻഡ് ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന നേതാക്കൾ സംസ്ഥാനത്ത് മത്സരിത്തിന് ഇറങ്ങുന്നത് ആശയക്കുഴപ്പമുണ്ടാക്കിയേക്കുമെന്ന നിലപാടിലാണ്.

കേരളത്തിൽ എൽഡിഎഫിന് നേരിയ മുൻതൂക്കമെന്ന സർവേ ഫലങ്ങളുയർത്തി ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തിന് മുന്നറിയിപ്പും നൽകുന്നു. മികച്ച സ്ഥാനാർത്ഥികളിലൂടെ മാത്രമേ കേരളത്തിൽ ഇതിനെ മറികടക്കാനാകൂ എന്നും അതിന് എഐസിസി നിർദ്ദേശിക്കുന്ന സ്ഥാനാർത്ഥികളിലൂടെയേ സാധിക്കൂ എന്നാണ് ഹൈക്കമാൻഡ് നിലപാട്. ഈ സാഹചര്യത്തിൽ സംസ്ഥാന നേതൃത്വത്തിന് ഇത് മുന്നിൽ വഴങ്ങേണ്ടി വന്നേക്കും. 

ഇന്ന് വൈകുന്നേരം ആറ് മണിക്ക് സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേരുന്ന തെരഞ്ഞെടുപ്പ് സമിതി സ്ഥാനാർത്ഥി പട്ടികക്ക് അംഗീകാരം നൽകിയേക്കുമെന്നും വൈകിട്ടോടെ തന്നെ പട്ടിക പ്രഖ്യാപിക്കുമെന്നുമായിരുന്നു നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാൽ സമിതിയിലെ ചർച്ച നീണ്ടാൽ നാളെ രാവിലെയാകും പ്രഖ്യാപനം ഉണ്ടാകുക. സോണിയയും രാഹുൽ ഗാന്ധിയും ഉൾപ്പെട്ട തെരഞ്ഞെടുപ്പ് സമിതിയിലേക്ക് ഏതെങ്കിലും മണ്ഡലം സംബന്ധിച്ച തർക്കം കൊണ്ടു പോകരുതെന്ന് ഹൈക്കമാൻഡ് നിർദ്ദേശിച്ചിട്ടുണ്ട്.

നിലവിൽ പുറത്ത് വരുന്ന വിവരങ്ങളനുസരിച്ച് വടകര സീറ്റും പേരാമ്പ്ര സീറ്റും ഒഴിച്ചിട്ടുള്ള പട്ടികയാണ് തയ്യാറാക്കിയതെന്നാണ് സൂചന. വടകരയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തില്ല. ആർഎംപി സ്ഥാനാർത്ഥിയെ പിന്തുണക്കും. ഇവിടെ കെകെ രമ മത്സരരംഗത്തുണ്ടാകില്ലെന്ന് സൂചനകളുണ്ട്. എൻ വേണുവാകും ആർഎംപി സ്ഥാനാർത്ഥി അങ്ങനെയെങ്കിൽ കോൺഗ്രസ് വേണുവിനെ പിന്തുണച്ചേക്കും. 

നേരത്തെ കേരള കോൺഗ്രസ് എമ്മിന്റെ സീറ്റായിരുന്ന പേരാമ്പ്ര ലീഗിന് നൽകിയേക്കുമെന്നാണ് സൂചന. ഈ സീറ്റ് കോൺഗ്രസ് ഒഴിച്ചിട്ടിരിക്കുകയാണ്. ചടയമംഗലത്തിന് പകരം ലീഗിന് പുനലൂരും നൽകിയേക്കും. ചടയമംഗലം ലീഗിനെന്ന സൂചനകളെ തുടർന്ന് കോൺഗ്രസ് പരസ്യ പ്രതിഷേധത്തിലായിരുന്നു. ഇത് കണക്കിലെടുത്താണ് നീക്കം. ചടയമംഗലത്ത് കെ പി സി സി ജനറൽ സെക്രട്ടറി എംഎം നസീർ സ്ഥാനാർത്ഥിയാകും. 

നെയ്യാറ്റിൻകരയിൽ ആർ ശെൽവരാജ് അന്തിമ പട്ടികയിൽ ഇടം പിടിച്ചു. സഭയുടെ പിന്തുണ ശെൽവരാജിനെന്ന് സംസ്ഥാന നേതാക്കൾ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ശെൽവരാജിനെ അന്തിമ പട്ടികയിലേക്ക് പരിഗണിച്ചത്. നേരത്തെ വിനോദ് കോട്ടുകാലായിരുന്നു ഹൈക്കമാൻഡ് പട്ടികയിലുണ്ടായിരുന്നത്. 

 

click me!