Latest Videos

'പരിക്കും വേദനയുമുണ്ട്, പക്ഷേ  തിരിച്ചുവരും', ആശുപത്രിയിൽനിന്ന് മമതയുടെ പ്രതികരണം

By Web TeamFirst Published Mar 11, 2021, 3:14 PM IST
Highlights

ബിജെപി വെല്ലുവിളി സ്വീകരിച്ച് നന്ദിഗ്രാമിലെത്തിയ താൻ ആക്രമിക്കപ്പെട്ടുവെന്ന മമതയുടെ ആരോപണം ബംഗാൾ തെരഞ്ഞെടുപ്പിൽ വലിയ രാഷ്ട്രീയ വിവാദമായി മാറിക്കഴിഞ്ഞു.

ദില്ലി: നന്ദിഗ്രാമിൽ മമത ബാനർജിക്കെതിരെ നടന്ന ആക്രമണം ബിജെപിക്കെതിരെ രാഷ്ട്രീയ ആയുധമാക്കി തൃണമൂൽ കോണ്‍ഗ്രസ്. മമതയെ അപായപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഢാലോചനയെന്ന് ആരോപിച്ച്, തെരഞ്ഞെടുപ്പ് കമ്മീഷന് തൃണമൂൽ കോൺഗ്രസ് പരാതി നൽകി. മമതക്ക് പരിക്കേറ്റ സാഹചര്യത്തിൽ പ്രകടന പത്രിക പുറത്തിറക്കുന്നത് തൃണമൂൽ കോൺഗ്രസ് മാറ്റിവെച്ചു.

കാലിന് പരിക്കുണ്ട്, ഇപ്പോഴും വേദനയുമുണ്ട്. എന്നിരുന്നാലും രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ താൻ തിരിച്ചുവരുമെന്ന് ആശുപത്രിയിൽ നിന്നും മമത ബാനര്‍ജിയും പ്രതികരിച്ചു. തൃണമൂൽ പ്രവർത്തകർ ശാന്തരായി തുടരണമെന്നും വീൽ ചെയര്‍ ഉപയോഗിച്ചാണെങ്കിലും രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ താൻ തിരികെ വരമെന്നും മമത വ്യക്തമാക്കി. 

ഇടതുകാലിന് ബാന്‍റേജ് ഇട്ടുള്ള മമതയുടെ ചിത്രങ്ങൾ ഉയര്‍ത്തി കൊൽക്കത്തയിലടക്കം തൃണമൂൽ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനങ്ങൾ നടത്തി. 24 പര്‍ഗാനസിൽ തൃണമൂൽ പ്രവര്‍ത്തകര്‍ ട്രെയിൻ തടഞ്ഞു. നന്ദിഗ്രാമിൽ ബിജെപി-തൃണമൂൽ പ്രവര്‍ത്തകര്‍ തമ്മിൽ സംഘര്‍ഷമുണ്ടായി. ബിജെപി വെല്ലുവിളി സ്വീകരിച്ച് നന്ദിഗ്രാമിലെത്തിയ താൻ ആക്രമിക്കപ്പെട്ടുവെന്ന മമതയുടെ ആരോപണം ബംഗാൾ തെരഞ്ഞെടുപ്പിൽ വലിയ രാഷ്ട്രീയ വിവാദമായി മാറിക്കഴിഞ്ഞു. രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് തൃണമൂൽ നേതാക്കൾ കൊൽക്കത്തയിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. 

2011 ലെ തെരഞ്ഞെടുപ്പ് കാലത്ത് വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന ആരോപണം മമത ഉയര്‍ത്തിയിരുന്നു. സഹതാപതരംഗം ഉണ്ടാക്കാനുള്ള പതിവ് നാടകമെന്ന മറുപടിയിലൂടെയാണ് ബിജെപിയുടെ പ്രതിരോധം. സംഭവത്തെ കുറിച്ച് പൊലീസിനോടും ചീഫ് സെക്രട്ടറിയോടും തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ നന്ദിഗ്രാമിലെത്തി അന്വേഷണവും തുടങ്ങി. അതേസമയം മമതയുടെ വാഹനം ഒരു അപകടത്തിൽപ്പെട്ടതാണെന്ന മൊഴിയാണ് ഒരു ദൃക്സാക്ഷിയിൽ നിന്ന് പൊലീസിന് കിട്ടിയത്. 

click me!