വോട്ടിംഗ് മെഷീനുമായി രാഷ്ട്രീയനേതാവിന്റെ വീട്ടില്‍ ഉറങ്ങി; ബംഗാളില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെതിരെ നടപടി

By Web TeamFirst Published Apr 6, 2021, 11:18 AM IST
Highlights

തൃണമൂല്‍ നേതാവ് തന്റെ ബന്ധുവായതിനാലാണ് രാത്രി അദ്ദേഹത്തിന്റെ വീട്ടിലുറങ്ങിയത് എന്നാണ് ഹൗറാ സെക്ടറില്‍ ഡ്യൂട്ടി ലഭിച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ സംഭവം വിവാദമായതോടെ ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്ന നിരീക്ഷണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ രംഗത്തെത്തുകയായിരുന്നു

കൊല്‍ക്കത്ത: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുമായി രാഷ്ട്രീയനേതാവിന്റെ വീട്ടില്‍ അന്തിയുറങ്ങിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ബംഗാളിലെ ഭരണപക്ഷമായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവിന്റെ വീട്ടിലാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ വോട്ടിംഗ് മെഷീനുമായി ഉറങ്ങിയത്. 

തൃണമൂല്‍ നേതാവ് തന്റെ ബന്ധുവായതിനാലാണ് രാത്രി അദ്ദേഹത്തിന്റെ വീട്ടിലുറങ്ങിയത് എന്നാണ് ഹൗറാ സെക്ടറില്‍ ഡ്യൂട്ടി ലഭിച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ സംഭവം വിവാദമായതോടെ ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്ന നിരീക്ഷണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ രംഗത്തെത്തുകയായിരുന്നു. 

വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് നടത്തുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നേരത്തേ ഏറെ വന്നിരുന്നതാണ്. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ അലക്ഷ്യമായി കാര്യങ്ങള്‍ കൈകാര്യം ചെയ്തതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കടുത്ത അതൃപ്തിയുണ്ട്. നിലവില്‍ സസ്‌പെന്‍ഷന്‍ മാത്രമാണ് നല്‍കിയിരിക്കുന്നതെങ്കിലും പിന്നീട് മറ്റ് നടപടികള്‍ കൂടി വന്നേക്കാമെന്നാണ് സൂചന. ഇക്കാര്യവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെയാണ് അറിയിച്ചത്. 

ഉദ്യോഗസ്ഥനൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥന്റെ കൈവശമുണ്ടായിരുന്ന വോട്ടിംഗ് മെഷീന്‍ പോളിംഗിനായി ഉപയോഗിക്കുന്നില്ലെന്നും തെരഞ്ഞെടുപ്പ് സമിതി അറിയിച്ചിട്ടുണ്ട്. 

ബംഗാളില്‍ മൂന്നാംഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. ആകെ എട്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പ്രധാനമായും മത്സരം നടക്കുന്നത്. മെയ് രണ്ടിനാണ് ബംഗാളിലും വോട്ടെണ്ണല്‍.

Also Read:- മമതയെ 'ഒറ്റയാള്‍ പോരാളി'യെന്ന് വിശേഷിപ്പിച്ച് ജയ ബച്ചന്‍; ബംഗാളില്‍ നാളെ മൂന്നാംഘട്ട വോട്ടെടുപ്പ്...

click me!