പാലാ തോൽവിക്ക് പിന്നാലെ കേരളാ കോൺഗ്രസിൽ ചേരിപ്പോര്, ജോസഫിനെ പഴിചാരി ജോസ് കെ മാണി

By Web TeamFirst Published Sep 28, 2019, 9:49 AM IST
Highlights

പരസ്യമായി പോരടിക്കരുതെന്ന യുഡിഎഫ് നിര്‍ദ്ദേശത്തെ അവഗണിച്ച് ആരോപണ പ്രത്യാരോപണങ്ങളും പരസ്പരം പഴിചാരലുമായി മുമ്പോട്ടുപോകുകയാണ് കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി-പി ജെ ജോസഫ് വിഭാഗങ്ങള്‍. പാലായിലെ പരാജയത്തിന്‍റെ ഉത്തരവാദിത്തം പരസ്പരം ആരോപിച്ച് പാര്‍ട്ടിയിലെയും മുന്നണിയിലെയും തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനാണ് ഇരുവിഭാഗത്തിന്‍റെയും നീക്കം.

പാലാ: പാലാ ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കേരളാ കോണ്‍ഗ്രസില്‍ വീണ്ടും വാക് പോര് രൂക്ഷമായി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന്‍റെ പരാജയത്തിന് കാരണം പി ജെ ജോസഫും കൂട്ടരുമാണെന്ന ആരോപണവുമായി ജോസ് കെ മാണി രംഗത്തെത്തി. രണ്ടില ചിഹ്നം ഇല്ലാഞ്ഞതും തെരഞ്ഞെടുപ്പ് സമയത്തെ അനാവശ്യവിവാദങ്ങളും പാര്‍ട്ടിയെ പരാജയത്തിലേക്ക് നയിച്ചെന്നാണ് ജോസിന്‍റെ ആരോപണം.

 രണ്ടില ചിഹ്നം ഇല്ലാതെ മത്സരിക്കേണ്ടി വന്നത് പരാജയത്തിന് കാരണമായി. സ്ഥാനാര്‍ത്ഥി നിര്‍ണയ ദിവസം മുതല്‍ തെരഞ്ഞെടുപ്പ് ദിവസം വരെ ചിലരില്‍ നിന്നുണ്ടായ പ്രസ്താവനകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് തടസ്സമായെന്നാണ് പി ജെ ജോസഫ്  പക്ഷത്തെ നേതാക്കളെ പരോക്ഷമായി വിമര്‍ശിച്ച് ജോസ് കെ മാണി പറഞ്ഞത്. ആ പ്രസ്താവനകള്‍ രാഷ്ട്രീയ പക്വതയില്ലായ്മയുടെ ഭാഗമായി ഉണ്ടായതാണെന്നും ജോസ് കെ മാണി കുറ്റപ്പെടുത്തി.

ചില നേതാക്കളുടെ അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളൊക്കെ ആരെ സഹായിക്കാനായിരുന്നെന്ന് ഇപ്പോള്‍ വ്യക്തമാണ്. കൃത്യമായ മറുപടി തനിക്കുണ്ടെങ്കിലും യുഡിഎഫിന് പോറൽ ഏൽപ്പിക്കുമെന്നതിനാൽ അത് പറയുന്നില്ല. സംഭവിച്ച വീഴ്ച തിരിച്ചറിഞ്ഞ് യുഡിഎഫ് അത് പരിഹരിക്കണം. തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ കാരണങ്ങള്‍ കൃത്യമായി വിലയിരുത്തും. തെരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ എല്‍ഡിഎഫ് ദുരുപയോഗം ചെയ്തെന്നും ജോസ് കെ മാണി ആരോപിച്ചു.

പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ജോസഫ് പക്ഷം പ്രവര്‍ത്തിച്ചതിന്‍റെ തെളിവുകള്‍ ജോസ് പക്ഷം യുഡിഎഫിന് കൈമാറുമെന്നാണ് സൂചന. തങ്ങളുടെ തട്ടകത്തില്‍ കയറി ജോസഫ് വിഭാഗം വിദഗ്‍ധമായി കളിച്ചു എന്നത് ജോസ് വിഭാഗത്തിന്‍റെ ആഘാതം ഇരട്ടിയാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.  ജോസഫ് വിഭാഗത്തെ മുന്നണിയുടെയാകെ ശത്രുപക്ഷമായി സ്ഥാപിക്കുന്നതിനുള്ള കരുക്കളാകും ജോസ് വിഭാഗം ഇനി നീക്കുകയെന്നാണ് വിലയിരുത്തല്‍. 

Read Also: ജോസഫിനെതിരെ തെളിവ് നല്‍കാൻ ജോസ് പക്ഷം; പാലായില്‍ പരസ്പരം പഴി ചാരി ജോസഫ്-ജോസ് വിഭാഗങ്ങള്‍

അതേസമയം, ജോസ് പക്ഷത്തെ വോട്ടുകളാണ് എല്‍ഡിഎഫിലേക്ക് മറിഞ്ഞതെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ജോസഫ് പക്ഷം. പാര്‍ട്ടിയിലെ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് ജോസഫ് വിഭാഗം പിന്നോട്ടുപോവില്ലെന്നാണ് സൂചന. കോണ്‍ഗ്രസ് കണ്ണുരുട്ടിയാലും മുന്നണി നേതാക്കള്‍ നിര്‍ദ്ദേശിച്ചാലും പരസ്പരമുള്ള പഴിചാരല്‍ ജോസ് -ജോസഫ് വിഭാഗങ്ങള്‍ അവസാനിപ്പിക്കാനും സാധ്യതയില്ല. 

ഒന്നിച്ച് നില്‍ക്കാന്‍ തയ്യാറാകാത്തവരെ  പുറത്തുകളയണമെന്ന് പി ജെ ജോസഫ് ഇന്നലെ പറഞ്ഞിരുന്നു. കെ എം മാണി സ്വീകരിച്ച കീഴ്‍വഴക്കങ്ങള്‍ ജോസ് കെ മാണി ലംഘിച്ചെന്നാണ് ജോസഫ് കുറ്റപ്പെടുത്തിയത്. പാലായിലെ തോല്‍വിക്ക് കാരണം പക്വതയില്ലായ്മയാണെന്നും ജോസിനെ പരോക്ഷമായി സൂചിപ്പിച്ച് ജോസഫ് ആരോപിച്ചിരുന്നു. ഇതിനു പ്രതികരണമായാണ്, ജോസഫ് വിഭാഗത്തെ നേതാക്കളാണ് പക്വതയില്ലാതെ പ്രസ്താവനകള്‍ നടത്തി പാലായിലെ പരാജയത്തിന് വഴിവച്ചതെന്ന് ജോസ് കെ മാണി ആഞ്ഞടിച്ചത്. 

Read Also: 'യോജിച്ച് നിന്നില്ലെങ്കിൽ പുറത്ത് കളയണം, ജോസിന് പക്വതയില്ല', ആഞ്ഞടിച്ച് പി ജെ ജോസഫ്

click me!