പാലാ: പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാൻ ജോസഫ് വിഭാഗം പ്രവര്‍ത്തിച്ചതിന് മുന്നണി നേതൃത്വത്തിന് തെളിവ് കൈമാറാൻ ഒരുങ്ങി ജോസ് പക്ഷം. അതേസമയം, യുഡിഎഫിന്‍റെ കര്‍ശന നിര്‍ദേശം ഉള്ളതിനാല്‍ തല്‍ക്കാലത്തേക്ക് ഇരുവിഭാഗങ്ങളും പരസ്യമായി വാളോങ്ങിയേക്കില്ല.

പാലയില്‍ വൻ തിരിച്ചടിയുടെ ആഘാതത്തിലാണ് ജോസ് പക്ഷം. തോല്‍വിയെ രാഷ്ട്രീയമായി വിശദീകരിക്കാൻ പോലും ജോസ് പക്ഷത്തിലെ നേതാക്കൾ രംഗത്ത് വരുന്നില്ല. സ്വന്തം തട്ടകത്തില്‍ ജോസഫ് വിഭാഗത്തിന് കയറി കളിക്കാൻ കഴിഞ്ഞു എന്നത് ജോസ് പക്ഷത്തിന്‍റെ ആഘാതം ഇരട്ടിയാക്കുന്നു. അതേസമയം യുഡിഎഫിനെ തന്നെ ഒന്നായി പ്രതിരോധത്തിലാക്കിയ പാലാ തോല്‍വിയുടെ ആഘാതം മുന്നണിയിലെ മുഖ്യ എതിരാളി ജോസഫ് വിഭാഗമാണെന്ന് സ്ഥാപിക്കാനാകും ജോസ് പക്ഷത്തിന്‍റെ ഇനിയുള്ള ശ്രമം. അതിനായി തെളിവ് നല്‍കി മുന്നണിയെ കാല് വാരിയത് ജോസഫ് വിഭാഗമാണെന്ന് നേതൃത്വത്തെ ബോധ്യപ്പെടുത്താനാണ് ജോസ് പക്ഷത്തിന്‍റെ നീക്കം. 

അതേസമയം, ജോസ് പക്ഷത്തിന്‍റെ വോട്ടുകളാണ് മറിഞ്ഞതെന്ന് ജോസഫ് വിഭാഗം തിരിച്ചടിക്കുന്നു. യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസ് തങ്ങള്‍ തന്നെയാണെന്ന് സ്ഥാപിക്കാനുള്ള ജോസഫിന്‍റെ ശ്രമവും തുടരും. നിയമസഭാ കക്ഷിയില്‍ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമങ്ങളിലേക്കും നീങ്ങും. ഇതോടെ കോണ്‍ഗ്രസിന്‍റെ കണ്ണുരുട്ടല്‍ ഉണ്ടായാലും കേരളാ കോണ്‍ഗ്രസ് വിഭാഗങ്ങള്‍ പരസ്പരമുള്ള കുറ്റപ്പെടുത്തല്‍ നിര്‍ത്തില്ല.