ആദ്യ റൗണ്ടില്‍ കാപ്പന് ലീഡ്; ബിജെപി എല്‍ഡിഎഫിന് വോട്ട് മറിച്ചെന്ന് ജോസ് ടോം

By Web TeamFirst Published Sep 27, 2019, 9:48 AM IST
Highlights

വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ മാണി സി കാപ്പനാണ് ലീഡ് ചെയ്യുന്നത്. നേരത്തെ, വേട്ടെടുപ്പിന് ശേഷം ബിജെപി യുഡിഎഫിന് വോട്ടു മറിച്ചതായുള്ള ആരോപണം ഉയര്‍ന്നു വന്നിരുന്നു

പാലാ: പാലാ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വോട്ടു കച്ചവടം നടന്നുവെന്ന് ആരോപണവുമായി യുഡിഎഫിന്‍റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോം. ഏറെ പ്രതീക്ഷ പുലര്‍ത്തിയ രാമപുരത്ത് ലീഡ് മാണി സി കാപ്പന് ലഭിച്ചതോടെയാണ് വോട്ടു കച്ചവടം നടന്നതായുള്ള ആരോപണം യുഡിഎഫ് ഉയര്‍ത്തിയിരിക്കുന്നത്.

രാമപുരത്ത് എല്‍ഡിഎഫിന് ലീഡ് ലഭിച്ചത് തിരിച്ചടിയാണെന്നും ജോസ് ടോം പറഞ്ഞു. എന്നാല്‍, മറ്റു പഞ്ചായത്തുകളും പാലാ നഗരസഭയും എണ്ണി കഴിയുമ്പോള്‍ ഈ ലീഡ് നില മാറി മറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യ മണിക്കൂറിലെ സസ്പെന്‍സിന് ശേഷം തപാല്‍ വോട്ടുകളും സര്‍വ്വീസ് വോട്ടുകളും എണ്ണി കഴിഞ്ഞപ്പോള്‍ ആറ് വീതം വോട്ടുകളാണ് യുഡിഎഫിനും എല്‍ഡിഎഫിനും ലഭിച്ചത്.

എന്നാല്‍ തുടര്‍ന്നങ്ങോട്ട് വോട്ടെണ്ണല്‍ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തു വന്നില്ല. വോട്ടിംഗ് മെഷീനുകള്‍ പുറത്തെടുക്കുന്നതിലുണ്ടായ താമസമാണ് വോട്ടെണ്ണല്‍ വൈകാന്‍ കാരണമായത്. ഒടുവില്‍ 9.05-ഓടെയാണ് വോട്ടിംഗ് മെഷീനുകള്‍ എണ്ണി തുടങ്ങിയത്. വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ മാണി സി കാപ്പനാണ് ലീഡ് ചെയ്യുന്നത്.

നേരത്തെ, വേട്ടെടുപ്പിന് ശേഷം ബിജെപി യുഡിഎഫിന് വോട്ടു മറിച്ചതായുള്ള ആരോപണം ഉയര്‍ന്നു വന്നിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ എന്‍ ഹരി യുഡിഎഫിന് വോട്ടു മറിച്ചതായി ബിജെപി പ്രാദേശിക നേതാവായിരുന്ന ബിനുവാണ് ആരോപണം ഉന്നയിച്ചത്.

click me!