പാലായില്‍ വോട്ടു കച്ചവടമില്ല; ആരോപണം ദുഷ്ടലാക്കോടെയെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍

By Web TeamFirst Published Sep 26, 2019, 10:12 AM IST
Highlights
  • വന്‍ പരാജയം മുന്‍കൂട്ടി കണ്ടുള്ള മുന്‍കൂര്‍ ജാമ്യമെടുക്കലാണ് നടക്കുന്നതെന്ന് യുഡിഎഫ്
  • ആരോപണം ഉന്നയിച്ചത് എല്‍ഡിഎഫിന്‍റെ ഭാഗമാകുവാന്‍ കരാര്‍ വെച്ചിരിക്കുന്ന പാലായിലെ നേതാവെന്നും യുഡിഎഫ്

കോട്ടയം: പാലായില്‍ വോട്ടു കച്ചവടം നടന്നുവെന്ന് ആരോപണങ്ങള്‍ നിഷേധിച്ച് യുഡിഎഫ് ജില്ലാ ചെയര്‍മാനും കേരളാ കോണ്‍ഗ്രസ്  (എം) ജില്ലാ പ്രസിഡന്‍റുമായ സണ്ണി തെക്കേടം. എല്‍ഡിഎഫിന്‍റെ ഭാഗമാകുവാന്‍ കരാര്‍ വെച്ചിരിക്കുന്ന പാലായിലെ ബിജെപി പ്രാദേശിക നേതാവ് യുഡിഎഫുമായി വോട്ട് കച്ചവടം നടത്തി എന്ന് ആരോപിക്കുന്നത് ദുഷ്ടലാക്കോടെയാണെന്നും സണ്ണി പറഞ്ഞു.

വന്‍ പരാജയം മുന്‍കൂട്ടി കണ്ടുള്ള മുന്‍കൂര്‍ ജാമ്യമെടുക്കലാണിത്.  സൂര്യനും ഭൂമിയും തമ്മിലുള്ള അകലം പോലെയാണ് പാലായില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള ദൂരം. ആറ് മാസം മുമ്പ് നടന്ന പാര്‍ലമെന്‍റ് തെരെഞ്ഞടുപ്പില്‍ 33,472 വോട്ടിന്‍റെ ഭൂരിപക്ഷം യുഡിഎഫിന് ലഭിച്ചിരുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള ജനങ്ങളുടെ വിലയിരുത്തലാണ് പാലാ ഉപതെരെഞ്ഞെടുപ്പ് ഫലം.

ജനങ്ങള്‍ പരിഗണിക്കാത്ത ചിലരാണ് വോട്ടടുപ്പ് ദിവസം ശ്രദ്ധകിട്ടാന്‍ വോട്ടു കച്ചവട ആരോപണം ഉന്നയിക്കുന്നതെന്നും  സണ്ണി തെക്കേടം പറഞ്ഞു. പാലായിൽ ബിജെപി വോട്ട് മറിച്ചുവെന്ന ആരോപണവുമായി പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കക്കണ്ടമാണ് രംഗത്ത് വന്നിരുന്നത്.

താൻ നേരത്തെ തന്നെ നിയോജക മണ്ഡലം പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. ഹരി സ്ഥാനാർത്ഥിയാകുന്നതിൽ പ്രതിഷേധിച്ചായിരുന്നു രാജിയെന്നും ബിനു പുളിക്കക്കണ്ടം പറഞ്ഞിരുന്നു. അതേസമയം, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് കാണിച്ച് എൻ ഹരി, ബിനു പുളിക്കക്കണ്ടത്തെ സസ്പെന്‍ഡ് ചെയ്തതായി പിന്നീട് അറിയിച്ചു.

5000 വോട്ട് യുഡിഎഫിന് നൽകാമെന്നായിരുന്നു എൻഡിഎ സ്ഥാനാർത്ഥി എൻ ഹരി യുഡിഎഫുമായി ഉണ്ടാക്കിയ ധാരണയെന്നാണ് ബിനുവിന്‍റെ ആരോപണം. പണം വാങ്ങിയാണ് എൻ ഹരി വോട്ട് മറിച്ചത്. കേരളാ കോൺഗ്രസിലെ ഉന്നതനാണ് വോട്ടുകച്ചവടത്തിന് ഹരിയുമായി ധാരണ ഉണ്ടാക്കിയത്.

അന്തരിച്ച കെ എം മാണിക്ക് വേണ്ടിയും എൻ ഹരി വോട്ട് മറിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ പുറത്തുവരുമെന്ന് എൻ ഹരി പേടിക്കുന്നതുകൊണ്ടാണ് തന്നെ സസ്പെൻഡ് ചെയ്തത്. ഹരിയുടെ വോട്ട് കച്ചവടത്തെക്കുറിച്ച് പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. പാർട്ടി നേതൃത്വം ആവശ്യപ്പെടുമ്പോൾ തെളിവ് കൈമാറുമെന്നും ബിനു പറഞ്ഞു.

പാലായിൽ പണം വാങ്ങി എൻ ഹരി വോട്ട് മറിച്ചു; ബിനു പുളിക്കക്കണ്ടം

click me!