യുഡിഎഫ് ശക്തികേന്ദ്രത്തിൽ, ബിജെപി സ്വാധീനമേഖലയിൽ മാണി സി കാപ്പൻ മുന്നിൽ

By Web TeamFirst Published Sep 27, 2019, 9:49 AM IST
Highlights

പാലായിൽ രാമപുരം പഞ്ചായത്തിൽ ആദ്യറൗണ്ട് പൂർത്തിയായപ്പോൾ 162 വോട്ടിന് മാണി സി കാപ്പൻ മുന്നിലെത്തി. ആഹ്ളാദത്തോടെ കയ്യടിച്ച് ആഘോഷിച്ച് കാപ്പൻ ക്യാമ്പ്. 

പാലാ: ''രാമപുരം എണ്ണിത്തുടങ്ങുമ്പോൾ എന്‍റെ വോട്ട് കൂടുതലായിരിക്കും. അവിടെ മുതൽ എന്‍റെ ഭൂരിപക്ഷം ഉയരും'', വോട്ടെണ്ണൽ തുടങ്ങും മുമ്പ് എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞതിതാണ്. ഇത് അക്ഷരം പ്രതി സത്യമാകുന്ന കാഴ്ചകളാണ് പാലായിൽ ആദ്യ റൗണ്ടിന് ശേഷം കണ്ടത്. ആദ്യ റൗണ്ടിൽത്തന്നെ എൽഡിഎഫിന് 162 വോട്ടുകളുടെ ലീഡ്.

തീർച്ചയായും ആദ്യഫലത്തിൽ യുഡിഎഫ് ക്യാമ്പ് ഞെട്ടിയെന്നുറപ്പാണ്. കാലങ്ങളായി, ഒരു പക്ഷേ പതിറ്റാണ്ടുകളായി, യുഡിഎഫ് സ്വാധീനമേഖലയാണ് രാമപുരം പഞ്ചായത്ത്. ബിജെപിക്കും ശക്തമായ സ്വാധീനമുള്ള പഞ്ചായത്ത്. ഇവിടെ ആദ്യ റൗണ്ടിൽത്തന്നെ വ്യക്തമായ ലീഡ് നേടിയത് മാണി സി കാപ്പന് ശക്തമായ ആത്മവിശ്വാസം നൽകുന്നതാണ്. കയ്യടിച്ച് ആഘോഷിച്ച് ആർപ്പ് വിളിച്ച് ആദ്യത്തെ അനുകൂല ഫലസൂചനയെ കാപ്പന്‍റെ എൽഡിഎഫ് ക്യാമ്പ് എതിരേറ്റു. 

എന്താണ് രാമപുരത്ത് സംഭവിച്ചത്?

രണ്ട് പ്രധാന കാര്യങ്ങളാണ് ഇവിടെ ശ്രദ്ധേയമാകുന്നത്: ഒന്ന്, കോണ്‍ഗ്രസിന് ശക്തമായ വേരോട്ടമുള്ള രാമപുരത്ത് ജോസഫ് വിഭാഗത്തിനും നല്ല സ്വാധീനമുണ്ട്. രണ്ട്, ബിജെപി യുഡിഎഫിന് വോട്ട് വിറ്റെന്ന ആരോപണം മാണി സി കാപ്പൻ ഉന്നയിച്ചത് ഇതേ രാമപുരം പ‍ഞ്ചായത്തിലായിരുന്നു.

അഞ്ച് മാസം മുൻപ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി നേടിയതിനേക്കാൾ ഇരട്ടി വോട്ടിന് യുഡിഎഫ് സ്ഥാനാർത്ഥിയായ തോമസ് ചാഴിക്കാടൻ മുന്നിലെത്തിയ പഞ്ചായത്താണ് രാമപുരം. അന്ന് രാമപുരത്ത് നിന്ന് 4440 വോട്ട് തോമസ് ചാഴിക്കാടന് കിട്ടി. 2016- നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നാം റൗണ്ടിൽ ഇവിടെ നിന്ന് 180 വോട്ടിന്‍റെ ലീഡ് കെ എം മാണിയ്ക്ക് ഉണ്ടായിരുന്നു. ബാർ കോഴക്കേസിൽ കെ എം മാണി വലിയ പ്രതിരോധത്തിലായിരുന്ന കാലമായിരുന്നു അതെന്ന് ഓർക്കണം. എന്നിട്ടും യുഡിഎഫ് സ്വാധീനമേഖലയായിരുന്ന രാമപുരം പഞ്ചായത്ത് കെ എം മാണിയ്ക്ക് ഒപ്പമാണ് നിന്നത്. 

അതേസമയം, 2011-ലെ നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ കെ എം മാണിയേക്കാൾ 179 വോട്ടുകളുടെ ലീഡ് മാണി സി കാപ്പന്‍ രാമപുരത്ത് നേടിയിരുന്നു എന്നതും ശ്രദ്ധേയമാണ്.

പഞ്ചായത്ത് ഭരണത്തിൽ കോൺഗ്രസ് കേരളാ കോൺഗ്രസ് തർക്കം നിലനിൽക്കുന്ന പഞ്ചായത്ത് കൂടിയാണ് രാമപുരം. മാത്രമല്ല, പാലായിലെ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള പഞ്ചായത്ത് കൂടിയാണ് പാലാ എന്നത് മാണി സി കാപ്പന് നെഞ്ച് വിരിച്ച് നിൽക്കാനുള്ള ധൈര്യം നൽകുന്നു.

ആദ്യറൗണ്ടിൽ പൊതുവേ യുഡിഎഫ് 1500 വോട്ടെങ്കിലും ലീഡ് പ്രതീക്ഷിച്ചിരുന്നു രാമപുരത്ത് നിന്ന്. ഇതിന്‍റെ അടിസ്ഥാനത്തിൽ മാത്രമാണ് 10,000 മുകളിൽ ഭൂരിപക്ഷം കണക്കാക്കിയതും. 162 വോട്ടുകളുടെ ലീഡ് ഇവിടെ നിന്ന് ആദ്യത്തെ റൗണ്ടിൽത്തന്നെ മാണി സി കാപ്പന് കിട്ടുമ്പോൾ ആശങ്കയിലാണ്, അമ്പരപ്പിലാണ് യുഡിഎഫ് കേന്ദ്രങ്ങൾ. 

യുഡിഎഫിന്‍റെ പരമ്പരാഗത വോട്ടുകൾ മറിഞ്ഞോ? ചോർന്നത് എൽഡിഎഫ് ക്യാമ്പിൽ മാണി സി കാപ്പന് കിട്ടിയോ? എന്താണ് സംഭവിച്ചതെന്ന് വിശദമായി പരിശോധിക്കേണ്ടി വരും യുഡിഎഫിന്.

ഈ ഫലം വന്ന ഉടൻ ജോസ് ടോം വോട്ട് കച്ചവടമെന്ന ആരോപണം തിരികെ ഉയർത്തിക്കഴിഞ്ഞു. എൽഡിഎഫിന് രാമപുരത്ത് ബിജെപി വോട്ട് വിറ്റെന്നാണ് ജോസ് ടോമിന്‍റെ ആരോപണം. 

''രാമപുരത്ത് പ്രതീക്ഷിച്ച നിലയിലേക്ക് എത്താനായില്ല. പക്ഷേ ഇതാദ്യത്തെ കണക്കുകൾ മാത്രമാണ്. കെ എം മാണിയ്ക്ക് ആദ്യ റൗണ്ടിൽ വലിയ ഭൂരിപക്ഷമുണ്ടായിരുന്നില്ലല്ലോ'' എന്ന് ആദ്യനില ജോസ് ടോമിന്‍റെ പ്രതികരണം.

കോണ്‍ഗ്രസിന് ശക്തമായ വേരോട്ടമുള്ള രാമപുരത്ത് ജോസഫ് വിഭാഗത്തിനും കാര്യമായ പിടിയുണ്ട്. കേരള കോണ്‍ഗ്രസിന്‍റെ ആഭ്യന്തരപ്രശ്നങ്ങളില്‍ ജോസഫ് വിഭാഗത്തിന്‍റെ പിന്തുണ എല്‍ഡിഎഫിന് പോയാല്‍ അത് ഏറ്റവും ശക്തമായി പ്രതിഫലിക്കുക രാമപുരത്താവും എന്നാണ് കരുതിയിരുന്നത്. അത് ശരിയാകുന്ന ചിത്രമാണ് തെളിഞ്ഞ് വന്നതും. 

ബിജെപി യുഡിഎഫിന് വോട്ട് വിറ്റെന്ന ആരോപണം ഉയര്‍ന്നതും രാമപുരം പഞ്ചായത്തിലാണ് എന്നതാണ് കൗതുകമേറ്റുന്ന മറ്റൊരു കാര്യം. രാമപുരം പഞ്ചായത്തിലെ ആദ്യത്തെ ബൂത്തില്‍ 834 വോട്ടര്‍മാരാണുള്ളത്. ഇവിടെയാണ് 162 വോട്ടിന്‍റെ ആദ്യലീഡ് എൽഡിഎഫിന് കിട്ടുന്നത്.

രണ്ടാം റൗണ്ടിൽ രാമപുരത്തെ 21 മുതൽ 37 വാർഡുകളാണ് എണ്ണിയത്. രണ്ടാം റൗണ്ട് അവസാനിച്ചപ്പോൾ മാണി സി കാപ്പന് കിട്ടിയത് 757 വോട്ടുകളാണ്. അതായത് യുഡിഎഫിന്‍റെ പ്രധാനകേന്ദ്രമായ രാമപുരത്ത് ശ്രദ്ധേയമായ കുതിപ്പ് നേടുന്നു എൽഡിഎഫ്.

രാമപുരം പഞ്ചായത്തിന്‍റെ കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലങ്ങൾ ഇങ്ങനെയാണ്: 

 

click me!