പാലാ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധം: എൻസിപി വനിതാ വിഭാ​ഗം ജില്ലാ പ്രസിഡന്റ് രാജിവച്ചു

By Web TeamFirst Published Sep 18, 2019, 11:40 AM IST
Highlights

മാണി സി കാപ്പനെ എൽഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം 42 പേര്‍ എൻസിപി വിട്ടിരുന്നു. എന്‍സിപി ദേശീയ സമിതി അംഗം ജേക്കബ്ബ് പുതുപ്പള്ളിയുടെ നേതൃത്വത്തിലാണ് 42 പേര്‍ പാര്‍ട്ടി വിട്ടത്. 

പാലാ: പാലായില്‍ എല്‍ഡിഎഫിന് വീണ്ടും തിരിച്ചടി. ഉപതെര‍ഞ്ഞെടുപ്പിൽ മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് എൻസിപി വനിതാ വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റ് റാണി സാംജി പാർട്ടിയിൽ നിന്ന് രാജിവച്ചു. തെരഞ്ഞെടുപ്പ് സമയത്തല്ലാതെ മാണി സി കാപ്പനെ പാലായിൽ കാണാനില്ല, എന്‍സിപി അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ചു എന്നീ ആക്ഷേപങ്ങളുന്നയിച്ചാണ് റാണി സാംജി രാജിവച്ചത്.

മാണി സി കാപ്പനെ എൽഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം 42 പേര്‍ എൻസിപി വിട്ടിരുന്നു. എന്‍സിപി ദേശീയ സമിതി അംഗം ജേക്കബ്ബ് പുതുപ്പള്ളിയുടെ നേതൃത്വത്തിലാണ് 42 പേര്‍ പാര്‍ട്ടി വിട്ടത്. ഉഴവൂര്‍ വിജയൻ പക്ഷക്കാരാണ് ഇവര്‍. മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് ഇവര്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തേയും എല്‍ഡിഎഫിനെയും സമീപിച്ചിരുന്നു. മാണി സി കാപ്പന് ഇത്തവണയും ജയ സാധ്യതയില്ലെന്നാണ് ഇവരുടെ വാദം.

കൂടുതല്‍ വായിക്കാം; പാലായില്‍ എന്‍സിപിയില്‍ പൊട്ടിത്തെറി; 42 പേര്‍ പാര്‍ട്ടി വിട്ടു

പാർട്ടിയിൽ നിന്ന് രാജിവച്ച 42 പേരെയും സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നേരത്തെ തന്നെ പുറത്താക്കിയതാണെന്നാണ് എന്‍സിപി നേതൃത്വത്തിന്‍റെ പ്രതികരണം. ഉഴവൂര്‍ വിജയനും മാണി സി കാപ്പനും തമ്മിലുണ്ടായിരുന്ന തര്‍ക്കത്തിന്‍റെ  തുടര്‍ച്ചയാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍. അതേസമയം, എന്‍സിപിയില്‍ നിന്ന് രാജിവച്ചവര്‍ യുഡിഎഫിന്‍റെ ഉപകരണമാണെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. മാണി സി കാപ്പൻ യോഗ്യനായ സ്ഥാനാർഥി തന്നെയാണ്. 42 പേരുടെ രാജി തെരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. 

കൂടുതല്‍ വായിക്കാം; എന്‍സിപിയില്‍ നിന്ന് രാജിവച്ചവര്‍ യുഡിഎഫിന്‍റെ ഉപകരണം; പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നും എ കെ ശശീന്ദ്രന്‍

click me!