പാലാ: പാലായില്‍ എല്‍ഡിഎഫിന് തലവേദനയായി എൻസിപിയില്‍ പൊട്ടിത്തെറി. മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് 42 പേര്‍ പാര്‍ട്ടി വിട്ടു.

എന്‍സിപി ദേശീയ സമിതി അംഗം ജേക്കബ്ബ് പുതുപ്പള്ളിയുടെ നേതൃത്വത്തിലാണ് 42 പേര്‍ പാര്‍ട്ടി വിട്ടത്. ഉഴവൂര്‍ വിജയൻ പക്ഷക്കാരാണ് ഇവര്‍.  മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് ഇവര്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തേയും എല്‍ഡിഎഫിനെയും സമീപിച്ചിരുന്നു. എന്നാല്‍, ഒടുവില്‍ കാപ്പൻ തന്നെ സ്ഥാനാര്‍ത്ഥിയായി. മാണി സി കാപ്പന് ഇത്തവണയും ജയ സാധ്യതയില്ലെന്നാണ് ഇവരുടെ വാദം.

അതേസമയം, ഈ 42 പേരെയും  സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നേരത്തെ തന്നെ പുറത്താക്കിയതാണെന്നാണ് എന്‍സിപി നേതൃത്വത്തിന്‍റെ പ്രതികരണം. ഉഴവൂര്‍ വിജയനും മാണി സി കാപ്പനും തമ്മിലുണ്ടായിരുന്ന തര്‍ക്കത്തിന്‍റെ  തുടര്‍ച്ചയാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍.