കോട്ടയം: പാലായിൽ ബിജെപി വോട്ട് മറിച്ചുവെന്ന ആരോപണവുമായി പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കക്കണ്ടം. 5000 വോട്ട് യുഡിഎഫിന് നൽകാമെന്നായിരുന്നു എൻഡിഎ സ്ഥാനാർത്ഥി എൻ ഹരി യുഡിഎഫുമായി ഉണ്ടാക്കിയ ധാരണ. പണം വാങ്ങിയാണ് എൻ ഹരി വോട്ട് മറിച്ചതെന്നും ബിനു പുളിക്കക്കണ്ടം ആരോപിച്ചു.

കേരളാ കോൺഗ്രസിലെ ഉന്നതനാണ് വോട്ടുകച്ചവടത്തിന് ഹരിയുമായി ധാരണ ഉണ്ടാക്കിയത്. അന്തരിച്ച മുൻ കോൺ​ഗ്രസ് നേതാവ് കെ എം മാണിക്ക് വേണ്ടിയും എൻ ഹരി വോട്ട് മറിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ പുറത്തുവരുമെന്ന് എൻ ഹരി പേടിക്കുന്നതുകൊണ്ടാണ് തന്നെ സസ്പെൻഡ് ചെയ്തത്. ഹരിയുടെ വോട്ട് കച്ചവടത്തെക്കുറിച്ച് പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. പാർട്ടി നേതൃത്വം ആവശ്യപ്പെടുമ്പോൾ തെളിവ് കൈമാറുമെന്നും ബിനു പറഞ്ഞു.

താൻ നേരത്തെ തന്നെ നിയോജക മണ്ഡലം പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. ഹരി സ്ഥാനാർത്ഥിയാകുന്നതിൽ പ്രതിഷേധിച്ചായിരുന്നു രാജിയെന്നും ബിനു പുളിക്കക്കണ്ടം കൂട്ടിച്ചേർത്തു. അതേസമയം, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് കാണിച്ച് എൻ ഹരി, ബിനു പുളിക്കക്കണ്ടത്തെ തിങ്കളാഴ്ച വൈകിട്ടോടെ സസ്പെൻഡ് ചെയ്തിരുന്നു.

അന്വേഷണ വിധേയമായാണ് നടപടിയെടുത്തിരിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് കൂടിയായ എൻ ഹരി അറിയിച്ചിരുന്നു. കോണ്‍ഗ്രസ് ഐ പ്രവര്‍ത്തകനായിരുന്ന ബിനു പുളിക്കണ്ടം സമീപകാലത്താണ് ബിജെപിയിലേക്ക് ചേക്കേറിയത്. തുടര്‍ന്ന് പാലാ നിയോജക മണ്ഡലം പ്രസിഡന്റായി ബിനുവിനെ നിയമിക്കുകയായിരുന്നു.