എമിറേറ്റ്സ് ലോട്ടോ നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം പങ്കിട്ടെടുത്ത് 10 പ്രവാസികള്‍

By Web TeamFirst Published Jun 10, 2020, 11:37 AM IST
Highlights

മൂന്ന് ഇന്ത്യക്കാരുള്‍പ്പെടെ 10 പ്രവാസികളാണ് ഇത്തവണ സമ്മാനാര്‍ഹരായത്. തെരഞ്ഞെടുക്കപ്പെട്ട ആറ് സംഖ്യകളും യോജിച്ച് വരുന്നവരെ കാത്തിരിക്കുന്ന 50 മില്യന്‍ ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനത്തിന് ഇതുവരെ അവകാശികളായിട്ടില്ല.

ദുബായ്: എമിറേറ്റ്സ് ലോട്ടോയുടെ കഴിഞ്ഞയാഴ്ചയിലെ നറുക്കെടുപ്പില്‍ ഒരു ലക്ഷം ദിര്‍ഹം വീതം സമ്മാനം നേടി  10 പ്രവാസികള്‍. കഴിഞ്ഞ ശനിയാഴ്ച നടന്ന എമിറേറ്റ്സ് ലോട്ടോയുടെ എട്ടാമത്തെ നറുക്കെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ട ആറ് സംഖ്യകളില്‍ അഞ്ചും യോജിച്ച് വന്നവരാണ് 10 ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനം പങ്കിട്ടെടുത്തത്. തെരഞ്ഞെടുക്കപ്പെട്ട ആറ് സംഖ്യകളും യോജിച്ച് വരുന്നവരെ കാത്തിരിക്കുന്ന 50 മില്യന്‍ ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനത്തിന് ഇതുവരെ അവകാശികളായിട്ടില്ല.

മൂന്ന് ഇന്ത്യക്കാരുള്‍പ്പെടെ 10 പ്രവാസികളാണ് ഇത്തവണ സമ്മാനാര്‍ഹരായത്. നാല് ഫിലിപ്പൈന്‍ പൗരന്മാരും വിജയികളില്‍ ഉള്‍പ്പെടുന്നു. ഇതാദ്യമായി ബ്രിട്ടന്‍, സെര്‍ബിയ, സെനഗള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും എമിറേറ്റ്സ് ലോട്ടോയില്‍ വിജയികളായി. ഏഴ് വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന ബ്രിട്ടീഷ് പൗരനായ ലീ മില്‍സാണ് വിജയികളിലൊരാള്‍. യുഎഇയില്‍ റിക്രൂട്ട്മെന്റ് ഏജന്റായ അദ്ദേഹത്തിന്, എമിറേറ്റ്സ് ലോട്ടോയില്‍ നിന്ന് സമ്മാനവിവരം അറിയിച്ചുകൊണ്ടുള്ള ഫോണ്‍ വിളി എത്തിയപ്പോള്‍,  അക്കാര്യം വിശ്വസിക്കാനായില്ല. "ഫോണ്‍ വെച്ചയുടന്‍ ആപ് വഴി പരിശോധിച്ച് വ്യാജ ഫോണ്‍ കോളല്ലെന്ന് ഞാന്‍ ഉറപ്പാക്കി. അസാധാരണമായ ഈയൊരു സമയത്ത് വിജയിക്കാന്‍ കഴിഞ്ഞെന്നത് വിലമതിക്കാനാവാത്തതാണ്.  നറുക്കപ്പെട്ട ആറ് നമ്പറുകളില്‍ ഒരു നമ്പര്‍ ഒഴികെ ഞാന്‍ തെരഞ്ഞെടുത്ത മറ്റ് സംഖ്യകളെല്ലാം പ്രധാനപ്പെട്ടതായിരുന്നു" -അദ്ദേഹം പറഞ്ഞു. അവിവാഹിതനായ ലീ  തന്റെ സമ്മാനത്തുകയുടെ ഒരു ഭാഗം യു.കെയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും തന്റെ ബന്ധുക്കള്‍ക്കുമായാണ് മാറ്റി വെയ്ക്കുന്നത്. ഈ വര്‍ഷത്തെ ക്രിസ്‍മസിന് കുടുംബത്തോടൊപ്പം ഒത്തുചേരാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഐ.ടി പ്രൊജക്ട് മാനേജറായ സെര്‍ബിയക്കാരി ദാനിയേല ദോകോവിചാണ് വിജയികളില്‍ മറ്റൊരാള്‍. താനും വിജയികളിലുള്‍പ്പെട്ടെന്ന വിവരം അറിഞ്ഞപ്പോള്‍ അതിയായ സന്തോഷം തോന്നിയെന്ന് അവര്‍ പറഞ്ഞു. "ഇതുവരെ എവിടെയും ഞാന്‍ വിജയിച്ചിട്ടില്ല. കുടുംബാംഗങ്ങളെ സഹായിക്കാനും ചില ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും ഈ പണം ഉപയോഗിക്കും" - ദാനിയേല പറഞ്ഞു.

"വിവരമറഞ്ഞപ്പോള്‍ ദൈവത്തെ സ്തുതിച്ചു. ആവേശത്തിലായിരുന്നു താനെന്ന് സമ്മാനം നേടിയ, 30കാരനായ സെനഗള്‍ പൗരന്‍ പ്രതികരിച്ചു. വെയിറ്ററായി ജോലി ചെയ്തിരുന്ന അദ്ദേഹത്തെ അവധിയ്ക്കിടയിലാണ് ഭാഗ്യം തേടിയെത്തിയത്. "50 മില്യന്‍ ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ലഭിക്കുന്നതുവരെ ഞാന്‍ ഇനിയും ഭാഗ്യം പരീക്ഷിക്കും. സെനഗളില്‍ ഭവനരഹിതരെ സഹായിക്കുന്ന ഒരു സന്നദ്ധ സംഘടനയ്ക്ക് ഇപ്പോള്‍ സഹായം നല്‍കും. ഒപ്പം തന്നെ യുഎഇയില്‍ കൊണ്ടുവന്ന് ജോലി നേടാന്‍ സഹായിച്ച അര്‍ദ്ധ സഹോദരനെ സഹായിക്കണമെന്നും അതിന് അദ്ദേഹത്തിന് അര്‍ഹതയുണ്ടെന്നും" ഈ 30 കാരന്‍ പറയുന്നു.

അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ഫിലിപ്പൈന്‍ പൗരന്‍ ദാമിയന്‍ ജൂനിയറും കഴിഞ്ഞ നറുക്കെടുപ്പില്‍ വിജയിയായി. അദ്ദേഹമാവട്ടെ നറുക്കെടുപ്പിനായി തെരഞ്ഞെടുത്തത് മക്കളുടെയും ഭാര്യയുടെയും തന്റെയും ജന്മദിനങ്ങളാണ്. "വര്‍ഷങ്ങളായി നറുക്കെടുപ്പുകളില്‍ പങ്കെടുക്കാറുണ്ടെങ്കിലും ഇതുവരെ ഭാഗ്യം കടാക്ഷിച്ചിട്ടില്ല. പക്ഷേ  വിട്ടുകൊടുത്തിട്ടുമില്ല. "എന്റെ നാല് മക്കളുടെ വിദ്യാഭ്യാസ ചിലവിനായി ഈ പണം മാറ്റിവെയ്ക്കും. ഒപ്പം മഹാമാരിയില്‍ നാട്ടില്‍ ദുരിതമനുഭവിക്കുന്ന ബന്ധുക്കള്‍ക്ക് സഹായമെത്തിക്കും. ഭാവിയിലേക്ക് കരുതി വെയ്ക്കുകയും വേണം" അദ്ദേഹം പറഞ്ഞു.

15 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന ഫിലിപ്പൈന്‍ സ്വദേശിനി ഹെലന്‍ കാപുലോങാണ് വിജയികളായവരില്‍ മറ്റൊരാള്‍. 42കാരിയായ ഹെലനും തന്റെ പ്രിയപ്പെട്ടവരുടെ ജന്മദിനങ്ങളാണ് നറുക്കെടുപ്പിലേക്കുള്ള നമ്പറുകളായി തെരഞ്ഞെടുത്തത്. വിജയിയായ വിവരമറിഞ്ഞപ്പോള്‍ വൈകാരികമായ മറ്റൊരു അവസ്ഥയിലായെന്ന് ഹെലന്‍ പറയുന്നു. "എമിറേറ്റ്സ് ലോട്ടോയ്ക്ക് നന്ദി. നാട്ടിലുള്ള ബന്ധുക്കളെ സഹായിക്കണം. നാട്ടിലെ വീട് നിര്‍മാണം പൂര്‍ത്തിയാക്കുകയും വേണം. കൊവിഡ് അടക്കമുള്ള ദുരന്തങ്ങള്‍ കാരണം ദുരിതത്തിലായവരെ സഹായിക്കുന്ന ചില സംഘടനകള്‍ക്കും സഹായമെത്തിയ്ക്കണം"- ഹെലന്‍ പറഞ്ഞു.

39കാരനായ ഇന്ത്യക്കാരന്‍ ഒബ്‍റോയ് എന്‍ ജോസഫും കുടുബാംഗങ്ങളുടെ ജനന തീയ്യതികള്‍ തെരഞ്ഞെടുത്താണ് വിജയിയായത്. ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റായി യുഎഇയില്‍ ജോലി ചെയ്യുന്ന അദ്ദേഹത്തിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. "ആദ്യ തവണ തന്നെ സമ്മാനം ലഭിച്ചതുകൊണ്ട് തുടക്കക്കാരന്റെ ഭാഗ്യം തനിക്കുണ്ടെന്ന് തോന്നുന്നു" എന്നാണ് അദ്ദേഹം പ്രതികരിച്ചത്. "അനുഗ്രഹത്തിന് ദൈവത്തോട് നന്ദി പറയുന്നു. സമ്മാനാര്‍ഹമായ തുക ഫിലിപ്പൈന്‍സിലെ പ്രിഷ്യസ് ഹെറിറ്റേജ് മിനിസ്ട്രീസ് ഫൗണ്ടേഷനെ സഹായിക്കാന്‍ ഉപയോഗിക്കുമെന്നും" അദ്ദേഹം പറഞ്ഞു.

41 കാരനായ ഫിലിപ്പൈന്‍ പൗരന്‍ ആര്‍ച്ചി മെര്‍കാഡോ ആയിരുന്നു കഴിഞ്ഞ നറുക്കെടുപ്പിലെ മറ്റൊരു വിജയി. എഞ്ചിനീയറായ അദ്ദേഹം വിവാഹിതനും കണ്ട് കുട്ടികളുടെ പിതാവുമാണ്. സമ്മാനം ലഭിച്ച തുക തന്റെ വീട് നിര്‍മാണത്തിന് ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഷാര്‍ജയില്‍ താമസിക്കുന്ന 45കാരനായ ഇന്ത്യക്കാരന്‍ വിനേഷ് കുമാറും ഒരു ലക്ഷം ദിര്‍ഹം സമ്മാനം നേടി. ഇലക്ട്രിക്കല്‍ എഞ്ചിനീയറായ അദ്ദേഹം ഈ പണം കൊണ്ട് തന്റെ കടങ്ങള്‍ തീര്‍ക്കാനാവുമെന്ന ആശ്വാസത്തിലും അതിന്റെ സന്തോഷത്തിലുമാണ്.

സമ്മാനാര്‍ഹരായ ഒരു ഫിലിപ്പൈന്‍ പൗരനും മറ്റൊരു ഇന്ത്യന്‍ പൗരനും തങ്ങളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു.

കഴിഞ്ഞയാഴ്ച നറുക്കെടുപ്പില്‍ വിജയികളായ വിവിധ രാജ്യക്കാര്‍, വിവിധ സംസ്കാരങ്ങളും വിവിധ രാജ്യങ്ങളിലെ പൗരന്മാരും ഒത്തുചേരുന്ന യുഎഇയുടെ വികാരമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് എമിറേറ്റ്‌സ് ലോട്ടോ നടത്തുന്ന ഇവിങ്സ് എല്‍.എല്‍.സിയുടെ സി.ഇ.ഒ പോള്‍ സെബാസ്റ്റ്യന്‍ പറഞ്ഞു. ബന്ധുക്കളെ സഹായിക്കാനും സ്വപ്നങ്ങള്‍ പിന്തുടരാനും സുഹൃത്തുക്കള്‍ക്ക് പിന്തുണയേകാനും സ്വന്തം നാടുകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ സഹായിക്കാനുമുള്ള ഇവരുടെ പദ്ധതികളാണ് യഥാര്‍ത്ഥ്യത്തില്‍ എമിറേറ്റ്സ് ലോട്ടോയുടെയും ലക്ഷ്യം. നിര്‍ണായകമായ ഈ സമയത്ത് വലിയൊരു തുകയുടെ സമ്മാനം ലഭിക്കുമ്പോള്‍ സ്വന്തം കാര്യങ്ങള്‍ക്കൊപ്പം മറ്റുള്ളവരെ സഹായിക്കുന്നതിനും വിജയികള്‍ നല്‍കുന്ന മുന്‍ഗണന കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നു. മറ്റുള്ളവരുമായുള്ള ഈ പങ്കുവെയ്ക്കലിലൂടെയാണ്, ജീവിതം തന്നെ മാറിയ്ക്കുകയെന്ന നമ്മുടെ ലക്ഷ്യത്തിലെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞയാഴ്ചയും നറുക്കെടുക്കപ്പെട്ട ആറ് സംഖ്യകളും യോജിച്ച് വന്ന ആരുമില്ലാത്തതിനാല്‍ 50 മില്യന്‍ ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ഇനിയും വിജയികളെ കാത്തിരിക്കുകയാണ്. ജൂണ്‍ 13ന് രാത്രി ഒന്‍പത് മണിയ്ക്കാണ് അടുത്ത നറുക്കെടുപ്പ്. www.emiratesloto.com വെബ്സൈറ്റ് വഴിയും എമിറേറ്റ്സ് ലോട്ടോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴിയും ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് പേജ് വഴിയും നറുക്കെടുപ്പ് തത്സമയം കാണാം. എമിറേറ്റ്സ് ലോട്ടോ കളക്ടിബിളുകളെക്കുറിച്ചും സമ്മാര്‍ഹരായവരെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍, നറുക്കെടുപ്പിന്റെ നിബന്ധനകള്‍, യോഗ്യത എന്നിവയ്ക്കും കളക്ടിബിളുകള്‍ സ്വന്തമാക്കി അടുത്ത നറുക്കെപ്പില്‍ പങ്കെടുത്ത് വിജയികളാവാനുള്ള അവസരത്തിനുമായി www.emiratesloto.com വെബ്സൈറ്റ് സന്ദര്‍ശിക്കാം.

എമിറേറ്റ്സ് ലോട്ടോ നറുക്കെടുപ്പില്‍ പങ്കെടുക്കേണ്ടത് ഇങ്ങനെ

35 ദിര്‍ഹം വിലയുള്ള എമിറേറ്റ്സ് ലോട്ടോ കളക്ടിബിള്‍ എമിറേറ്റ്സ് ലോട്ടോ വെബ്സൈറ്റില്‍ നിന്ന് വാങ്ങുക. നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ ഇത് നിങ്ങളെ യോഗ്യരാക്കും. കളക്ടിബിള്‍ വാങ്ങിയ ശേഷം ലോട്ടോയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചാല്‍ 1 മുതല്‍ 49 വരെയുള്ള സംഖ്യകളില്‍ നിന്ന് ആറ് സംഖ്യകള്‍ തെരഞ്ഞെടുക്കുകയാണ് വേണ്ടത്. നിങ്ങള്‍ തെരഞ്ഞടുത്ത 6 നമ്പറുകള്‍ നറുക്കെടുപ്പില്‍ വരികയാണെങ്കില്‍ മുഴുവന്‍ സമ്മാനത്തുകയും നിങ്ങള്‍ക്ക് തന്നെ ലഭിക്കും.  ആദ്യ ആഴ്ച സമ്മാന തുക 35 മില്യണ്‍ ദിര്‍ഹമായിരിക്കും. ആരും വിജയിച്ചില്ലെങ്കില്‍ സമ്മാന തുക അടുത്തയാഴ്ച 40 മില്യണ്‍ ദിര്‍ഹമായി ഉയരും. നറുക്കെടുത്ത ആറ് അക്കങ്ങളും ശരിയായി വരുന്ന വിജയി ഉണ്ടായില്ലെങ്കില്‍ ഓരോ ആഴ്ചയിലും 5 മില്യണ്‍ ദിര്‍ഹംസ് വീതം കൂടി പരമാവധി 50 മില്യണ്‍ ദിര്‍ഹംസ് വരെ ഗ്രാന്റ്പ്രൈസ് ഉയര്‍ന്നുകൊണ്ടിരിക്കും.

ആറ് അക്കങ്ങളില്‍ അഞ്ചെണ്ണം ശരിയായി വന്നാല്‍ 1 മില്യണ്‍ ദിര്‍ഹം സമ്മാനം ലഭിക്കും. ഒന്നിലധികം പേര്‍ക്ക് ഇങ്ങനെ ശരിയാവുമെങ്കില്‍ സമ്മാന തുക തുല്യമായി വീതിക്കും. നാല് അക്കങ്ങള്‍ ശരിയാവുന്ന എല്ലാവര്‍ക്കും 300 ദിര്‍ഹം വീതം സമ്മാനം ലഭിക്കും. ആറില്‍ മൂന്ന് അക്കങ്ങളാണ് യോജിച്ച് വരുന്നതെങ്കില്‍ അടുത്ത തവണത്തെ നറുക്കെടുപ്പില്‍ പങ്കാളിയാവാനുള്ള അവസരമായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക.
 

click me!