ഇപ്പോള്‍ നാട്ടിലുള്ള 1,27,000 പ്രവാസികള്‍ക്ക് കുവൈത്തിലേക്ക് മടങ്ങി വരാനാവില്ല

By Web TeamFirst Published Sep 17, 2020, 9:59 PM IST
Highlights

വിദേശത്തുള്ള പ്രവാസികള്‍ ഓണ്‍ലൈനായി ഇഖാമ പുതുക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നെങ്കിലും നിരവധിപ്പേര്‍ ഇതും ഉപയോഗപ്പെടുത്തിയിട്ടില്ല.

കുവൈത്ത് സിറ്റി: ഇതിനോടകം ഇഖാമ കാലാവധി കഴിഞ്ഞ 1,27,000 പ്രവാസികള്‍ക്ക് കുവൈത്തിലേക്ക് മടങ്ങി വരാനാവില്ല. ഇപ്പോള്‍ വിവിധ രാജ്യങ്ങളിലുള്ള ഇവരില്‍ ഇഖാമ പുതുക്കാന്‍ കഴിയാതിരുന്നവരും തൊഴിലുടമകള്‍ ബോധപൂര്‍വം പുതുക്കാതിരുന്നവരും ഉള്‍പ്പെടും. വിദ്യാഭ്യാസ മന്ത്രാലയം ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ ജോലി ചെയ്തിരുന്നവരും ഇക്കൂട്ടത്തിലുണ്ട്.

രാജ്യത്തേക്ക് മടങ്ങിവരാന്‍ താത്പര്യമുള്ള പ്രവാസി അധ്യാപകര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാമെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും 32 രാജ്യങ്ങളിലുള്ളവര്‍ക്ക് വിലക്ക് ബാധകമാക്കിയപ്പോള്‍ ഈ അനുമതിയും ഇല്ലാതെയായി. വിദേശത്തുള്ള പ്രവാസികള്‍ ഓണ്‍ലൈനായി ഇഖാമ പുതുക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നെങ്കിലും നിരവധിപ്പേര്‍ ഇതും ഉപയോഗപ്പെടുത്തിയിട്ടില്ല.

സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തിയവരുടെ വിസാ കാലാവധിയും ഇപ്പോള്‍ രാജ്യത്തുള്ളവരുടെ ഇഖാമ കാലാവധിയും  മൂന്ന് മാസം നീട്ടി നല്‍കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍ സെപ്‍തംബര്‍ ഒന്നിന് ശേഷം കാലാവധി അവസാനിച്ചവര്‍ക്ക് ഇത് ബാധകമല്ല.

click me!