
റിയാദ്: സൗദി അറേബ്യയിൽ ബസപകടത്തിൽ 13 പേർക്ക് പരിക്ക്. റിയാദ് പ്രവിശ്യയുടെ വടക്കുഭാഗത്തെ മറാത്ത് - ശഖ്‌റ റോഡിൽ യാത്രാബസ് മറിഞ്ഞായിരുന്നു അപകടം. ചൊവ്വാഴ്ച രാത്രിയിൽ പെയ്ത മഴയും ബസിന്റെ അമിത വേഗവുമാണ് അപകടത്തിനിടയാക്കിയത്.
നിയന്ത്രണം വിട്ട ബസ് റോഡിലെ നടപ്പാതയിലേക്ക് തെന്നിക്കയറുകയും സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മറിയുകയുമായിരുന്നു. ബസിലെ യാത്രക്കാർക്കാണ് പരിക്കേറ്റത്. ഇവരെ മറാത്ത് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അഞ്ചു പേരെ പിന്നീട് ശഖ്‌റ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഒരാളെ റിയാദിലെ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലും എത്തിച്ചു.
അപകടം നടന്ന ഉടനെ സംഭവസ്ഥലത്ത് എത്തിയ റെഡ് ക്രസന്റ് അതോറിറ്റി പ്രവർത്തകരും സിവിൽ ഡിഫൻസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. റോഡിൽ മറിഞ്ഞുകിടന്ന ബസിനെ ശഖ്റ മുനിസിപ്പാലിറ്റിയുടെ വക ക്രെയിനുകൾ ഉപയോഗിച്ച് എടുത്തുയർത്തി സംഭവസ്ഥലത്ത് നിന്ന് നീക്കം ചെയ്തു. സൗദി ട്രാൻസ്പോർട്ട് കമ്പനിയുടെ ബസാണ് മറിഞ്ഞത്. അപകടത്തിൽപ്പെട്ടവർ ഏത് രാജ്യക്കാരാണെന്ന് അറിവായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam