നിയമലംഘകരെ കണ്ടെത്താന്‍ പരിശോധന ശക്തം; ഒരാഴ്‍ചയ്ക്കിടെ പിടിയിലായത് ആയിരക്കണക്കിന് പ്രവാസികള്‍

By Web TeamFirst Published Jul 25, 2021, 1:40 PM IST
Highlights

അറസ്റ്റിലായവരില്‍ 4500 പേര്‍ രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചതിനാണ് 9000 പേരെയും പിടികൂടിയത്. ആയിരത്തിലധികം പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്റ്റിലായി.

റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍, താമസ നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തം. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഒരാഴ്‍ചയ്‍ക്കിടെ 14,600 നിയമലംഘകരെ പിടികൂടിയതായി അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. സുരക്ഷാ വിഭാഗങ്ങളുടെ വിവിധ യൂണിറ്റുകളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‍പോര്‍ട്ട്‍സും (ജവാസാത്ത്) ചേര്‍ന്ന് ജൂലൈ 15 മുതല്‍ 21 വരെ നടത്തിയ പരിശോധനകളിലാണ് ഇത്രയും പേര്‍ പിടിയിലായത്.

അറസ്റ്റിലായവരില്‍ 4500 പേര്‍ രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചതിനാണ് 9000 പേരെയും പിടികൂടിയത്. ആയിരത്തിലധികം പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്റ്റിലായി. അധികൃതമായി സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായവരാണ് 270 പേര്‍. ഇവരില്‍ പകുതിയോളം പേര്‍ യെമന്‍ സ്വദേശികളാണ്. നാല്‍പത് ശതമാനത്തിലധികം എത്യോപ്യക്കാരും പത്ത് ശതമാനത്തോളം മറ്റ് വിവിധ രാജ്യക്കാരുമാണ് പിടിയിലായവരിലുള്ളത്. 

സൗദി അറേബ്യയില്‍ നിന്ന് നിയമം ലംഘിച്ച് മറ്റ് അയല്‍ രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച 127 പേരെയും അറസ്റ്റ് ചെയ്‍തു. നിയമലംഘകര്‍ക്ക് താമസിക്കാനും യാത്ര ചെയ്യാനുമുള്ള സംവിധാനങ്ങള്‍ ഒരുക്കിക്കൊടുത്തവരെയും  അറസ്റ്റ് ചെയ്‍തിട്ടുണ്ട്. നിലവില്‍ അറുപതിനായിരത്തോളം പേരാണ് വിവിധ നിയമലംഘനങ്ങള്‍ക്ക് അറസ്റ്റിലായി നടപടി കാത്ത് കഴിയുന്നത്. ഇതില്‍ 9600 സ്‍ത്രീകളും ഉള്‍പ്പെടുന്നു. 44,000 പേരെ നാടുകടത്തുന്നതിനായി യാത്രാ രേഖകള്‍ ശരിയാക്കാന്‍ അതത് രാജ്യങ്ങളുടെ എംബസികളുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.

click me!