റമദാൻ മാസത്തോടനുബന്ധിച്ച് ദുബായിലെ സാലിക് ടോൾ നിരക്കുകളിൽ മാറ്റം വരുത്തി. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി പീക്ക്, ഓഫ്-പീക്ക് സമയങ്ങൾക്കനുസരിച്ച് 6 ദിർഹവും 4 ദിർഹവുമാണ് പുതിയ നിരക്കുകൾ.  

ദുബായ്: റമദാൻ മാസത്തിലെ യാത്രാ രീതികളിലുണ്ടാകുന്ന മാറ്റം കണക്കിലെടുത്ത് ദുബായിലെ ടോൾ ഗേറ്റ് ഓപ്പറേറ്ററായ 'സാലിക്' പുതിയ നിരക്കുകൾ പ്രഖ്യാപിച്ചു. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനുമായി പീക്ക് പീരിയഡ്, ഓഫ് പീക്ക് പീരിയഡ് എന്നിങ്ങനെ തിരിച്ചാണ് നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പുതിയ നിരക്കുകൾ

പീക്ക് ഹവേഴ്സ് (രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ): ഈ സമയത്ത് സാലിക് ഗേറ്റുകളിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്ക് 6 ദിർഹം ആയിരിക്കും നിരക്ക്.

ഓഫ് പീക്ക് ഹവേഴ്സ് (രാവിലെ 7 മുതൽ 9 വരെയും വൈകുന്നേരം 5 മുതൽ പുലർച്ചെ 2 വരെയും): ഈ സമയങ്ങളിൽ നിരക്ക് 4 ദിർഹം ആയിരിക്കും.

പുലർച്ചെ 2 മണി മുതൽ രാവിലെ 7 മണി വരെ യാത്ര പൂർണ്ണമായും സാലിക് ടോൾ രഹിതമായിരിക്കും. പൊതു അവധി ദിവസങ്ങളോ മറ്റ് വലിയ പരിപാടികളോ ഇല്ലാത്ത ഞായറാഴ്ചകളിൽ, രാവിലെ 7 മുതൽ പുലർച്ചെ 2 വരെയുള്ള സമയങ്ങളിൽ 4 ദിർഹം ആയിരിക്കും നിരക്ക്. മറ്റ് ദിവസങ്ങളെപ്പോലെ തന്നെ ഞായറാഴ്ചയും പുലർച്ചെ 2 മണി മുതൽ രാവിലെ 7 മണി വരെ ടോൾ ഈടാക്കില്ല.

റമദാൻ മാസത്തിൽ ജോലി സമയം മാറുന്നതും വൈകുന്നേരങ്ങളിലെ ഒത്തുചേരലുകളും പരിഗണിച്ച് ഗതാഗതം സുഗമമാക്കാനാണ് സാലിക് ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. തിരക്കുള്ള സമയങ്ങളിൽ റോഡിലെ സമ്മർദ്ദം കുറയ്ക്കാനും ഡ്രൈവർമാർക്ക് തങ്ങളുടെ യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യാൻ അവസരം നൽകാനും ഈ പുതിയ ഷെഡ്യൂൾ സഹായിക്കുമെന്ന് സാലിക് അധികൃതർ വ്യക്തമാക്കി.