ഒമാനിൽ നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന ആവശ്യവുമായി രക്ഷിതാക്കൾ

By Web TeamFirst Published Jul 25, 2021, 12:06 PM IST
Highlights

കുവൈത്തിലും യുഎഇയിലും സെന്ററുകൾ അനുവദിച്ച സാഹചര്യത്തിൽ ഒമാനിൽ നിന്നുള്ള അഞ്ഞൂറിൽപരം പരീക്ഷാർത്ഥികളുടെ കാര്യത്തിൽ അനുഭാവപൂർണമായ നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷയെന്നും രക്ഷിതാക്കൾ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. 

മസ്‍കത്ത്: ഒമാനിലും നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന  ആവശ്യവുമായി പരീക്ഷാർത്ഥികളും രക്ഷിതാക്കളും. സെപ്‍തംബർ 12ന് നടക്കാനിരിക്കുന്ന പ്രവേശന പരീക്ഷക്ക് ഒമാനിലും സെന്റര്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒമാനിലെ രക്ഷിതാക്കൾ  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി വി. മുരളീധരനും മെമ്മോറാണ്ടം നൽകി.

കുവൈത്തിലും യുഎഇയിലും സെന്ററുകൾ അനുവദിച്ച സാഹചര്യത്തിൽ ഒമാനിൽ നിന്നുള്ള അഞ്ഞൂറിൽപരം പരീക്ഷാർത്ഥികളുടെ കാര്യത്തിൽ അനുഭാവപൂർണമായ നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷയെന്നും രക്ഷിതാക്കൾ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. പ്രവാസികൾ ഏറ്റവുമധികം അധിവസിക്കുന്ന രാജ്യങ്ങളിൽ നീറ്റ്‌ പരീക്ഷാ കേന്ദ്രം അനുവദിക്കമെന്നത് കുടുംബസമേതം പ്രവാസലോകത്ത് ജീവിക്കുന്നവരുടെ കാലങ്ങളായുള്ള ആവശ്യമാണ്. നിലവില്‍ കൊവിഡ് സൃഷ്ട്ടിച്ച സാമ്പത്തിക - സാമൂഹിക പ്രതിസന്ധികള്‍ മൂലം പ്രവാസികള്‍ നിരവധി ബുദ്ധിമുട്ടുകൾ നേരിടുകയാണ് . നാട്ടിലേക്കുള്ള സാധാരണ പോക്കുവരവുകൾ പോലും അനിശ്ചിതത്വത്തിലാണെന്നിരിക്കെ പരീക്ഷക്കായി നാട്ടിലേക്ക് പോകാനും തിരിച്ചു വരാനും ഒട്ടേറെ പ്രതിബന്ധങ്ങളുണ്ട്. നിലവിലെ സാഹചര്യത്തിൽ നാട്ടിൽ പോയാൽ തിരിച്ചു വരാനാകുമോ എന്ന ആശങ്കയാണ്‌ പല രക്ഷിതാക്കൾക്കുമുള്ളത്.

ഒമാനിലെ 21 ഇന്ത്യൻ സ്കൂളുകളിൽ നിന്ന് അഞ്ഞൂറിലധികം കുട്ടികളാണ് നീറ്റ് പരീക്ഷക്ക് തയ്യാറാകുന്നത്.  നിലവില്‍ ഗൾഫ് രാജ്യങ്ങളിലെ യാത്രാവിലക്ക് ഉൾപ്പടെയുള്ള കാര്യങ്ങൾ അനന്തമായി നീണ്ടുപോകുകുയാണ്. ഒമാനിലെപരീക്ഷാർത്ഥികളുടെ ന്യായമായ ആവശത്തിന്മേൽ കേന്ദ്ര സർക്കാർ അനുകൂല തീരുമാനം കൈക്കൊള്ളുമെന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കൾ. മസ്‌കത്തിലെ അവെന്യൂ  മാളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കെവിൻ സാമുവൽ, മാളവിക ഷാജി,  ഷാജി എം.ടി,  പ്രദീപ്‌,  മുഷ്താഖ്‌, ഇസാഖ് എന്നിവർ പങ്കെടുത്തു.

click me!