Latest Videos

കൊവിഡ് ബാധിച്ച് ഒമാനില്‍ ഇതുവരെ മരിച്ചത് 16 മലയാളികള്‍

By Web TeamFirst Published Jul 8, 2020, 11:46 PM IST
Highlights

ഒമാനിൽ ഇന്ന് 1210 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഒമാനിൽ കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 50207 ആയി ഉയർന്നു.

മസ്കറ്റ്: ഒമാനിൽ കൊവിഡ്  മൂലം ഇന്ന് ഒരു മലയാളി കൂടി മരണമടഞ്ഞു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 16 ആയി. രാജ്യത്തെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം അരലക്ഷം കടന്നു.

തിരുവനന്തപുരം കിളിമാനൂർ പുളിമാത്ത് സ്വദേശി വിജയകുമാർ  ശ്രീധരൻ പിള്ളയാണ് ഇന്ന് രാവിലെ ഗൂബ്രയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച ശേഷം കഴിഞ്ഞ 15 ദിവസം ചികിത്സയിലായിരുന്നു വിജയകുമാർ. കൊവിഡ്  രോഗം   മൂലം ഒമാനിൽ മരിക്കുന്ന 16-ാമത്തെ മലയാളിയാണ് 51കാരനായ വിജയകുമാർ.

ഒമാനിൽ താമസിക്കുന്ന നിരവധി മലയാളികൾക്കും ഇവരുടെ കുടുംബത്തിനും കൊവിഡ് പിടിപെട്ട്  ചികിത്സയിൽ കഴിയുന്നതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചികിത്സക്കും പരിചരണത്തിനും വളരെയധികം പ്രയാസമാണ് രോഗം പിടിപെടുന്നവർ നേരിടുന്നതെന്ന് സുൽത്താൻ ഖാബൂസ് യണിവേഴ്സിറ്റി ഹോസ്‌പിറ്റലിലെ ഡോക്ടർ നൈജിൽ കുര്യാക്കോസ് പറഞ്ഞു.  

അതേസമയം ഒമാനിൽ ഇന്ന് 1210 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഒമാനിൽ കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 50207 ആയി ഉയർന്നു. ഇന്ന്  മരണപ്പെട്ട ഒമ്പത് പേരുൾപ്പടെ ഒമാനിൽ ഇതിനകം 233 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 

click me!