കുവൈത്തില്‍ 17 പേര്‍ക്ക് കൂടി കൊവിഡ്; രണ്ട് ഇന്ത്യക്കാര്‍ക്കും രോഗം

By Web TeamFirst Published Mar 28, 2020, 12:04 AM IST
Highlights

 പൊതുമാപ്പ് പ്രഖ്യാപിച്ച് പരമാവധി വിദേശികളെ നാട്ടിലയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് പ്രകാരം കുവൈത്തില്‍ താമസ നിയമ ലംഘകരായ മുഴുവന്‍ പേര്‍ക്കും പിഴയോ ശിക്ഷയോ കൂടാതെ രാജ്യത്ത് നിന്നും തിരിച്ചു പോകാം.

കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ പതിനേഴ് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇരുന്നൂറ്റി ഇരുപത്തിയഞ്ചായി. കുവൈത്തില്‍ പൊതുമാപ്പും പ്രഖ്യാപിച്ചു. നിലവില്‍ 57 പേരാണ് കുവൈത്തില്‍ രോഗമുക്തി നേടിയത്. ബാക്കി 168 പേരാണ് ചികിത്സയിലുള്ളത്.

തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണം വര്‍ധിച്ച് 11 ആയി. വെള്ളിയാഴ്ച വൈറസ് സ്ഥിരീകരിച്ചവരില്‍ ഇന്ത്യക്കാരെ കൂടാതെ 11 പേര്‍ കുവൈത്ത് പൗരന്മാരും ഒരു സോമാലിയന്‍ പൗരന്‍, ഒരു ഇറാഖ് പൗരന്‍, ഒരു ബംഗ്ലാദേശി എന്നിവരാണുള്ളത്. ഇന്ത്യക്കാര്‍, ബംഗ്ലാദേശി എന്നിവര്‍ക്ക് എങ്ങനെയാണ് രോഗം പകര്‍ന്നതെന്ന് കണ്ടെത്തിയിട്ടില്ല. ഇതോടെ കുവൈത്തില്‍ കൊവിഡ് 19 സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം ഏഴായി.

അതേ സമയം പൊതുമാപ്പ് പ്രഖ്യാപിച്ച് പരമാവധി വിദേശികളെ നാട്ടിലയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് പ്രകാരം കുവൈത്തില്‍ താമസ നിയമ ലംഘകരായ മുഴുവന്‍ പേര്‍ക്കും പിഴയോ ശിക്ഷയോ കൂടാതെ രാജ്യത്ത് നിന്നും തിരിച്ചു പോകാം. കൂടാതെ, ഇവര്‍ക്ക് പിന്നീട് പുതിയ വിസയില്‍ തിരിച്ചു വരാനും അനുമതി നല്‍കുന്നുണ്ട്.

ഏപ്രില്‍ 1 മുതല്‍ 30 വരെയാണു പൊതു മാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. അനുവദിച്ച സമയപരിധിക്കുള്ളില്‍ രാജ്യം വിടാത്തവര്‍ക്കെതിരെ ശക്തമായ നടപടിയും ഉണ്ടാകും. 2018 ജനുവരിയിലാണ് കുവൈത്തില്‍ അവസാനമായി പൊതു മാപ്പ് പ്രഖ്യാപിച്ചത്.

click me!