കൊവിഡ് 19: സൗദിയില്‍ പുതുതായി 92 രോഗികള്‍

By Web TeamFirst Published Mar 27, 2020, 10:49 PM IST
Highlights

വ്യാഴാഴ്ച വരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നാണ്. മദീനയില്‍ രണ്ടും മക്കയില്‍ ഒരാളുമാണ് മരിച്ചത്...
 

റിയാദ്: സൗദി അറേബ്യയില്‍ വെള്ളിയാഴ്ച കൊവിഡ് ബാധിച്ച് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. എന്നാല്‍ പുതുതായി 92 പേര്‍ക്ക് രോഗമുണ്ടെന്ന് കണ്ടെത്തി. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 1104 ആയി ഉയര്‍ന്നതായി സൗദി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ അലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

വ്യാഴാഴ്ച വരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നാണ്. മദീനയില്‍ രണ്ടും മക്കയില്‍ ഒരാളുമാണ് മരിച്ചത്. ഇവരെല്ലാം വിദേശികളാണ്. അതെസമയം വെള്ളിയാഴ്ച രണ്ടുപേര്‍ കൂടി സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തരുടെ എണ്ണം 35 ആയി. ചികിത്സയില്‍ കഴിയുന്നവരില്‍ ആറുപേരുടെ നില ഗുരുതരമാണ്. 

വെള്ളിയാഴ്ചയും കൂടുതല്‍ പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് റിയാദിലാണ്, 46. മദീനയില്‍ 19ഉം ഖത്വീഫില്‍ 10ഉം ജിദ്ദയില്‍ ഏഴും ദമ്മാമില്‍ നാലും ദഹ്‌റാനിലും ബുറൈദയിലും രണ്ട് വീതവും അല്‍ഖോബാറിലും ഹൊഫൂഫിലും ഒരോന്ന് വീതവും രോഗികള്‍ പുതുതായി രജിസ്റ്റര്‍ ചെയ്തു. 

പുതിയ കേസുകളില്‍ 10 പേര്‍ കോവിഡ് ബാധിത രാജ്യങ്ങളില്‍ നിന്ന് സൗദിയില്‍ തിരിച്ചെത്തിയവരാണ്. ബാക്കി 82 പേര്‍ക്ക് രാജ്യത്ത് നേരത്തെ രോഗം സ്ഥിരീകരിച്ചവരില്‍ നിന്ന് പകര്‍ന്നതാണ്. രോഗികളുടെ എണ്ണത്തില്‍ തലസ്ഥാനമായ റിയാദാണ് മുന്നില്‍. ഇതുവരെ 450 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 

click me!