സൗദി അറേബ്യയിലേക്ക് ലഹരി ഗുളികകള്‍ കടത്താന്‍ ശ്രമം; സ്‍ത്രീ ഉള്‍പ്പെടെ 18 പ്രവാസികള്‍ അറസ്റ്റില്‍

By Web TeamFirst Published Nov 22, 2022, 10:37 PM IST
Highlights

അന്താരാഷ്‍ട്ര വിപണിയില്‍ 18 ദശലക്ഷം ഡോളര്‍ വിലവരുന്ന ലഹരി വസ്‍തുക്കളാണ് ഇവര്‍ ബഹ്റൈനിലേക്ക് കൊണ്ടുവന്നത്. ടയറിനുള്ളില്‍ ഒളിപ്പിച്ച് പോലും ലഹരി ഗളികകള്‍ ബഹ്റൈനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമം നടന്നു. 

മനാമ: ബഹ്റൈനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് ലഹരി ഗുളികകള്‍ കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ 18 പ്രവാസികള്‍ ഉള്‍പ്പെടെ 22 പേര്‍ക്കെതിരെ വിചാരണ തുടങ്ങി. 12 ഇന്ത്യക്കാരും മൂന്ന് ബംഗ്ലാദേശ് പൗരന്മാരും രണ്ട് പാകിസ്ഥാനികളും മൂന്ന് സൗദി പൗരന്മാരും ഒരു ബഹ്റൈന്‍ സ്വദേശിയും ഒരു ശ്രീലങ്കന്‍ വനിതയുമാണ് കേസിലെ പ്രതികള്‍. ഇവരില്‍ 19 പേര്‍ ഇപ്പോള്‍ കസ്റ്റഡിയിലുണ്ട്. മൂന്ന് പേരുടെ അസാന്നിദ്ധ്യത്തിലാണ് വിചാരണ തുടങ്ങിയത്.

അന്താരാഷ്‍ട്ര വിപണിയില്‍ 18 ദശലക്ഷം ഡോളര്‍ വിലവരുന്ന ലഹരി വസ്‍തുക്കളാണ് ഇവര്‍ ബഹ്റൈനിലേക്ക് കൊണ്ടുവന്നത്. ടയറിനുള്ളില്‍ ഒളിപ്പിച്ച് പോലും ലഹരി ഗളികകള്‍ ബഹ്റൈനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമം നടന്നു. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമാണ് പ്രതികള്‍ മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് കോടതിയില്‍ സമര്‍പ്പിച്ച കേസ് രേഖകള്‍ പറയുന്നു. വിമാന മാര്‍ഗം പാര്‍സലുകളായി എത്തിച്ച ശേഷം ഇവ ബഹ്റൈനില്‍ വെച്ച് ഗുളികകളാക്കി മാറ്റി. പിന്നീട് സൗദി അറേബ്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലേക്ക് ഇവ കടത്താന്‍ ശ്രമിച്ചു.

ശ്രീലങ്കന്‍ സ്വദേശിനിയായ വനിതയും ഒരു ഇന്ത്യക്കാരനുമായിരുന്നു ലഹരിക്കടത്ത് സംഘത്തിന്റെ തലവന്മാരെന്ന് അന്വേഷണ സംഘം കണ്ടെത്തി. വാഹനത്തിന്റെ ടയറിലൊളിപ്പിച്ച് ലഹരി ഗുളികകള്‍ കടത്താന്‍ ഏല്‍പ്പിച്ചത് ബഹ്റൈനില്‍ വര്‍ക്ക് ഷോപ്പ് ഉടമയായിരുന്ന മറ്റൊരു ഇന്ത്യക്കാരനെയായിരുന്നു. കേസില്‍ പ്രതിയായ ബഹ്റൈന്‍ പൗരന്‍ നേരത്തെ ഒരു എയര്‍ കാര്‍ഗോ കമ്പനിയില്‍ ജോലി ചെയ്‍തിരുന്നു. ഇയാളുടെ സഹായത്തോടെയാണ് വിദേശത്തു നിന്ന് മയക്കുമരുന്ന് കൊണ്ടുവന്നത്. ഒരു ഷിപ്പ്മെന്റ് കമ്പനിയില്‍ ജീവനക്കാരനായ മറ്റൊരു ഇന്ത്യന്‍ പൗരനാണ് മയക്കുമരുന്ന് പാക്കറ്റുകള്‍ പല സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി സംഘത്തിലെ അംഗങ്ങള്‍ക്ക് വിതരണം ചെയ്‍തിരുന്നത്. കേസിന്റെ വിചാരണ പുരോഗമിക്കുകയാണ്.

Read also:  യാത്രയ്ക്കിടെ ജീവനക്കാരന്റെ ആകസ്‍മിക മരണം; ഗള്‍ഫ് എയര്‍ വിമാനം ഇറാഖില്‍ ഇറക്കി

click me!