Asianet News MalayalamAsianet News Malayalam

യാത്രയ്ക്കിടെ ജീവനക്കാരന്റെ ആകസ്‍മിക മരണം; ഗള്‍ഫ് എയര്‍ വിമാനം ഇറാഖില്‍ ഇറക്കി

വിമാനം ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്ന് യാത്ര തിരിച്ച് ഒരു മണിക്കൂറും ഇരുപത് മിനിറ്റും കഴിഞ്ഞപ്പോളാണ് ജീവനക്കാരന് ഹൃദയാഘാതം ഉണ്ടായത്.

Gulf Air flight from Bahrian diverted after crew member died of a heart attack
Author
First Published Nov 22, 2022, 10:09 PM IST

മനാമ: യാത്രയ്ക്കിടെ ജീവനക്കാരന്‍ മരിച്ചതിനെ തുടര്‍ന്ന് ഗള്‍ഫ് എയര്‍ വിമാനം അടിയന്തരമായി ഇറാഖില്‍ ഇറക്കി. ബഹ്റൈനില്‍ നിന്ന് പാരിസിലേക്ക് പോവുകയായിരുന്ന ജിഎഫ് 19 വിമാനമാണ് ഇറാഖിലെ ഇര്‍ബില്‍ വിമാനത്താവളത്തില്‍ ഇറക്കിയത്. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് ജീവനക്കാരന്റെ മരണത്തില്‍ കലാശിച്ചത്.

വിമാനം ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്ന് യാത്ര തിരിച്ച് ഒരു മണിക്കൂറും ഇരുപത് മിനിറ്റും കഴിഞ്ഞപ്പോളാണ് ജീവനക്കാരന് ഹൃദയാഘാതം ഉണ്ടായത്. ഈ സമയം വിമാനം 34,000 അടി ഉയരത്തിലായിരുന്നു. അടിയന്തര സാഹചര്യം പരിഗണിച്ച് ഏറ്റവും അടുത്തുള്ള വിമാനത്താവളത്തില്‍ ലാന്റ് ചെയ്യാന്‍ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇറാഖിലെ ഇര്‍ബില്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ അടിയന്തര ലാന്റിങിന് അനുമതി തേടിയത്. 

മരണപ്പെട്ട ജീവനക്കാരന്റെ കുടുംബത്തോടും പ്രിയപ്പെട്ടവരോടും അനുശോചനം അറിയിക്കുന്നതായി ബഹ്റൈന്റെ ദേശീയ വിമാന കമ്പനിയായ ഗള്‍ഫ് എയര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് കമ്പനി പ്രഥമ പരിഗണന നല്‍കുന്നതെന്നും ക്ഷമയോടെയും സാഹചര്യം മനസിലാക്കിയും സഹകരിച്ച യാത്രക്കാര്‍ക്ക് നന്ദി പറയുന്നുവെന്നും കമ്പനി അറിയിച്ചു.  നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വിമാനം പിന്നീട് പാരിസിലേക്ക് യാത്ര തുടര്‍ന്നു. 

Follow Us:
Download App:
  • android
  • ios