
അബുദാബി: സിംഗപ്പൂരിൽ നിന്നും അബുദാബിയിലേക്ക് പോകുന്ന വിമാനത്തിൽ ബോംബ് ഭീഷണി ഉയർത്തിയ 22കാരന് 7 വർഷത്തെ തടവ് ശിക്ഷയും 1,83,500 ദിർഹം പിഴയും. ഈ വർഷം ഫെബ്രുവരി 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിംഗപ്പൂരിൽ നിന്നും അബുദാബിയിലേക്കുള്ള വിമാനത്തിൽ കേറിയ ശേഷം സാമൂഹിക മാധ്യമത്തിലൂടെ വിമാനം ഇപ്പോൾ പൊട്ടിത്തെറിക്കും എന്ന രീതിയിൽ പോസ്റ്റ് പങ്കിടുകയായിരുന്നു.
സാമൂഹിക മാധ്യമങ്ങളിൽ സിംഗപ്പൂർ-അബുദാബി വിമാനത്തിന് ബോംബ് ഭീഷണി ഉയർത്തിക്കൊണ്ട് ഒരാൾ പോസ്റ്റ് പങ്കുവെച്ച വിവരം ലഭിച്ചയുടൻ തന്നെ അയാളെ കണ്ടെത്താൻ ശ്രമം ആരംഭിച്ചിരുന്നു. അയാൾ വിമാനത്തിനുള്ളിൽ ഇരുന്നുകൊണ്ടാണ് ഇത്തരത്തിലുള്ള പോസ്റ്റ് പങ്കുവെച്ചതെന്ന് പെട്ടെന്ന് തന്നെ കണ്ടെത്തി. റൺവേയിൽ നിന്ന് പറന്നുയരാൻ തുടങ്ങിയ വിമാനം ചാങ്ഗി വിമാനത്താവള ടെർമിനൽ 2ലേക്ക് ഉടനെ തിരിച്ചുവിളിക്കുകയും അവിടെ വെച്ച് യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. യുവാവിന്റെ പക്കൽ നിന്നും സംശയം തോന്നിപ്പിക്കുന്ന വിധത്തിലുള്ള യാതൊന്നും കണ്ടെത്തിയില്ലെന്ന് സിംഗപ്പൂർ പോലീസ് അധികൃതർ അറിയിച്ചിരുന്നു. ഏത് വിമാനത്തിനാണ് ബോംബ് ഭീഷണി ഉയർത്തിയതെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച കുറ്റത്തിനാണ് ഇയാൾക്ക് പരമാവധി ശിക്ഷയായ 7 വർഷത്തെ തടവും 1,83,500 ദിർഹം പിഴയും ലഭിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam