സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ. സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ഊർജ്ജം, നവീകരണം, ഡിജിറ്റൽ സാങ്കേതികവിദ്യകൾ എന്നീ മേഖലകളിൽ കുവൈത്തുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഇന്ത്യ താല്പര്യപ്പെടുന്നു.

കുവൈത്ത് സിറ്റി: ആഗോള വികസനത്തിനായി നിർമ്മിത ബുദ്ധി പ്രയോജനപ്പെടുത്തുന്നതിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ഈ മേഖലയിൽ കുവൈത്തുമായി ശക്തമായ പങ്കാളിത്തത്തിന് രാജ്യം ഒരുങ്ങുകയാണെന്നും ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി. സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ഊർജ്ജം, നവീകരണം, ഡിജിറ്റൽ സാങ്കേതിക വിദ്യകൾ എന്നീ മേഖലകളിൽ കുവൈത്തുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഇന്ത്യ താല്പര്യപ്പെടുന്നു. ലോകത്തെ പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹബ്ബായി ഇന്ത്യ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

ഇന്ത്യൻ എംബസിയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയും (കുവൈത്ത് ചാപ്റ്റർ) സംയുക്തമായി സംഘടിപ്പിച്ച “ഇന്ത്യ-കുവൈത്ത് ഡയലോഗ് ഓൺ ദ ഇംപാക്ട് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 2026” എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അംബാസഡർ. 2026 ഫെബ്രുവരി 16 മുതൽ 20 വരെ ദില്ലിയിൽ നടക്കാനിരിക്കുന്ന ആഗോള എഐ ഉച്ചകോടിയുടെ മുന്നോടിയായാണ് കുവൈത്തിൽ ഈ ചർച്ച സംഘടിപ്പിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാങ്കേതിക സഹകരണം വർദ്ധിപ്പിക്കാനും ഡിജിറ്റൽ രംഗത്തെ പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്താനും ഈ സംവാദം ലക്ഷ്യമിടുന്നു.