മലയാളികള്‍ ഉള്‍പ്പെടെ 24 പ്രവാസികളെ നാടുകടത്തി

Published : Mar 25, 2023, 09:30 PM IST
മലയാളികള്‍ ഉള്‍പ്പെടെ 24 പ്രവാസികളെ നാടുകടത്തി

Synopsis

ജിദ്ദയിലെ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം കോൺസുലേറ്റിലെ പ്രധാന ഉദ്യോഗസ്ഥനായ കോൺസുൽ ദീപക് യാദവിനെ അബഹയിലേക്ക് നേരിട്ട് അയച്ച് ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പുവരുത്തുകയായിരുന്നു. 

റിയാദ്: സൗദി തെക്കൻ പ്രവിശ്യയായ അസീറിലെ അബഹ നാടുകടത്തൽ കേന്ദ്രത്തിലുണ്ടായിരുന്ന 24 ഇന്ത്യാക്കാരെ നാടുകടത്തി. നിയമ ലംഘകരായി സൗദിയിൽ താമസിച്ചു ജോലി ചെയ്തിരുന്നവരും,  ഹുറൂബാക്കപ്പെട്ടവരുമായ ആളുകളെയാണ് നാട്ടിലേക്ക് തിരിച്ചയച്ചത്. അസീർ മേഖലയിലെ വിവിധ ഗവർണറേറ്റ് പരിധികളിൽ നിന്നും കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ പോലീസ് പരിശോധയിൽ പിടിക്കപ്പെട്ട ഇന്ത്യാക്കാർക്കാണ് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ ഇടപെടലിനെ തുടർന്നു നാട്ടിലേക്ക് മടങ്ങാൻ സാധിച്ചത്. 

മതിയായ താമസ രേഖകളോ ജോലിയോ താമസസ്ഥലമോ ഇല്ലാതെ ഖമീസ് മുശൈത്തിലെ തെരുവുകളിലും, വൃത്തിഹീനമായ പൊളിഞ്ഞ കെട്ടിടങ്ങളിലും താമസിച്ചിരുന്ന അഞ്ച് തമിഴ്നാട് സ്വദേശികളുടെ വിവരങ്ങൾ ഒരു മാസം മുമ്പ് വാർത്താ മാധ്യമങ്ങളിൽ ഇടംപിടിക്കുകയും ഇന്ത്യൻ സമൂഹത്തിനിടയിൽ ഏറെ ചർച്ചയാവുകയും ചെയ്തിരുന്നു. വാർത്തയെതുടർന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം കോൺസുലേറ്റിലെ പ്രധാന ഉദ്യോഗസ്ഥനായ കോൺസുൽ ദീപക് യാദവിനെ അബഹയിലേക്ക് നേരിട്ട് അയച്ച് ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പുവരുത്തുകയായിരുന്നു. 

തമിഴ്‌നാട് സ്വദേശികളെക്കൂടാതെ നാല് മലയാളികളും, യു.പി, പശ്ചിമ ബംഗാൾ, ബീഹാർ, കാശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരുമാണ് സംഘാംഗങ്ങൾ. ഇവരെ അബഹയിൽ നിന്നും ബസ് മാർഗം ജിദ്ദ വിമാനത്താവളത്തിൽ എത്തിച്ച് ജിദ്ദയിൽ നിന്നും സൗദി എയർലെൻസ് വിമാനം വഴി ഡൽഹിയിലേക്കാണ് കയറ്റി അയച്ചത്. കോൺസുലേറ്റ് ഉദ്യോഗസ്ഥനോടൊപ്പം നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന്നായി കോൺസുലേറ്റ് ജീവകാരുണ്യവിഭാഗം പ്രതിനിധികളായ ഒ.ഐ.സി.സി സൗദി ദക്ഷിണ മേഖലാ കമ്മിറ്റി പ്രസിഡന്റ് അഷ്റഫ് കുറ്റിച്ചലും, ബിജു കെ. നായരും രംഗത്തുണ്ടായിരുന്നു. കോൺസുൽ ദീപക് യാദവും സംഘവും ഖമീസ് മുശൈത്ത്  സെന്‍ട്രൽ ജയിലും അബഹ വി.എഫ്.എസ് കേന്ദ്രവും സന്ദർശിച്ചു. വി.എഫ്.എസ് കേന്ദ്രത്തിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിയ സന്ദർശകരോട് കേന്ദ്രത്തിന്റെ സേവനത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ അദ്ദേഹം ചോദിച്ചറിഞ്ഞു.

Read also: ഖത്തറില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകട സ്ഥലത്തു നിന്ന് ഒരു മലയാളിയുടെ മൃതദേഹം കൂടി കണ്ടെത്തി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ