ബീച്ചില്‍ കുളിക്കുകയായിരുന്ന യുവാവിനെ ഭീമന്‍ സ്രാവ് വിഴുങ്ങി; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

By Web TeamFirst Published Jun 9, 2023, 9:21 PM IST
Highlights

സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഈജിപ്ഷ്യന്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ 24 വയസ് പ്രായമുള്ളയാളാണ് മരണപ്പെട്ടതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

കെയ്‍റോ: ബീച്ചില്‍ കുളിക്കുകയായിരുന്ന യുവാവിനെ ഭീമന്‍ സ്രാവ് വിഴുങ്ങി. ഈജിപ്‍തിലെ ചെങ്കടല്‍ തീരത്ത് സ്ഥിതിചെയ്യുന്ന വിനോദ സഞ്ചാര നഗരമായ ഹര്‍ഗെതയിലാണ് സംഭവം. റഷ്യക്കാരനായ യുവാവിനാണ് ജീവന്‍ നഷ്ടമായത്. ബീച്ചില്‍ കുളിക്കുകയായിരുന്ന ഇയാളെ ടൈഗര്‍ ഷാര്‍ക് വിഭാഗത്തില്‍പെടുന്ന സ്രാവ് വിഴുങ്ങുകയായിരുന്നുവെന്ന് ഈജിപ്ഷ്യന്‍ പരിസ്ഥിതി ഏജന്‍സി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച അറിയിപ്പില്‍ പറയുന്നു.

സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഈജിപ്ഷ്യന്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ 24 വയസ് പ്രായമുള്ളയാളാണ് മരണപ്പെട്ടതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ പറയുന്നു. അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 24 വയസുള്ള റഷ്യക്കാരന്‍ ഈജിപ്തില്‍ സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ കോണ്‍സുല്‍ ജനറല്‍ വാര്‍ത്താ ഏജന്‍സിയോട് സ്ഥിരീകരിച്ചിട്ടുണ്ട്. 

മരണപ്പെട്ടയാള്‍ വിനോദ സഞ്ചാരി ആയിരുന്നില്ലെന്നും ഈജിപ്തില്‍ താമസിച്ചിരുന്ന ആളാണെന്നും കോണ്‍സുല്‍ ജനറല്‍ അറിയിച്ചു. സ്രാവിന്റെ വായില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവ് കിണഞ്ഞുശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. വെള്ളിയാഴ്ച മുതല്‍ രണ്ട് ദിവസത്തേക്ക് ബീച്ചില്‍ ഇറങ്ങുന്നതിന് പരിസ്ഥിതി മന്ത്രാലയം വിലക്കേര്‍പ്പെടുത്തി. നേരത്തെയും സമാനമായ ആക്രമണമുണ്ടായത് ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണം. പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ചെങ്കടലില്‍ സ്രാവുകളുടെ സാന്നിദ്ധ്യം സാധാരണയാണെങ്കിലും അവ മനുഷ്യനെ ആക്രമിക്കുന്ന സംഭവങ്ങള്‍ അപൂര്‍വമാണ്. 

Read also: സൗദി അറേബ്യയിൽ ബിനാമി ബിസിനസ് സ്ഥാപനങ്ങൾ കണ്ടെത്താൻ വ്യാപക പരിശോധന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

click me!