
മനാമ: അധികൃതരുടെ നിയന്ത്രണങ്ങളും വിലക്കും ലംഘിച്ച് നടത്തിയ ഇഫ്‍താര്‍ വിരുന്ന് കാരണം കൊവിഡ് രോഗം ബാധിച്ച 32 പേരെ കണ്ടെത്തിയതായി ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്വദേശി കുടുംബത്തില്‍ നടന്ന ഇഫ്‍താര്‍ വിരുന്നുമായി ബന്ധപ്പെട്ട് മേയ് ഒന്‍പതിന് 16 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചിരുന്നു. ഇതേ ചടങ്ങില്‍ പങ്കെടുത്തവരും അവരുമായി ബന്ധപ്പെട്ടവരും ഉള്‍പ്പെടെ കൂടുതല്‍ പേരെ പരിശോധിച്ചപ്പോഴാണ് രോഗബാധിതരുടെ എണ്ണം 32 ആയത്.
സാമൂഹിക അകലം പാലിക്കുകയോ മാസ്‍ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള സുരക്ഷാ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യാതെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. മുപ്പതിലധികം പേര്‍ ഇതില്‍ പങ്കെടുത്തതായാണ് വിവരം. ഇവര്‍ക്കും ഇവരുമായി പിന്നീട് ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ പേരെ പരിശോധിച്ചികൊണ്ടിരിക്കുകയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ഇവര്‍ വരുത്തിയ വീഴ്ചയാണ് നിരവധിപ്പേരിലേക്ക് രോഗം വ്യാപിക്കാന്‍ ഇടയാക്കിയതെന്നും അധികൃതര്‍ പറഞ്ഞു.
പൊതുസുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുകയെന്നത് സമൂഹത്തിലെ ഓരോരുത്തരുടെയും ബാധ്യതയും രോഗ നിയന്ത്രണത്തിന്റെ അടിസ്ഥാനവുമാണ്. കര്‍ശനമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും രോഗികളെയും അവരുമായി ബന്ധപ്പെടുന്നവരെയും കണ്ടെത്താന്‍ ഊര്‍ജിത പരിശോധനകളും നടത്തിവരികയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam