
കുവൈത്ത് സിറ്റി: ഓഗസ്റ്റ് രണ്ടിന്‍റെ പ്രഭാതം ഉദിച്ചുയരുമ്പോൾ, ചരിത്രത്തിലെ ഏറ്റവും ക്രൂരമായ അധിനിവേശത്തിന്റെ കറുത്ത ഓർമ്മകളിലാണ് കുവൈത്തും ലോകവും. രാജ്യത്തിന്റെ പരമാധികാരത്തിന്മേൽ ഇരുട്ടടിയായി മാറിയ ഇറാഖി അധിനിവേശത്തിന് ഇന്ന് 36 വർഷം തികയുന്നു. കേവലം ഒരു സൈനിക ആക്രമണം എന്നതിലുപരി, മേഖലയിൽ ഇതുവരെ കാണാത്ത വലിയൊരു മാനുഷിക ദുരന്തത്തിനാണ് 1990 ഓഗസ്റ്റ് രണ്ടിന് കുവൈത്ത് സാക്ഷ്യം വഹിച്ചത്.
ജനമനസ്സുകളിൽ ആഴത്തിൽ മുറിവേൽപ്പിച്ച ആ ദേശീയ ദുരന്തം, അറബ് ചരിത്രത്തിലെയും അന്താരാഷ്ട്ര ചരിത്രത്തിലെയും മായ്ക്കാനാവാത്ത അധ്യായമാണ്. ദാരുണമായ ആ അധിനിവേശ ദിനത്തിന്റെ വാർഷികത്തിൽ, കുവൈത്ത് ജനത അന്ന് കാഴ്ചവെച്ച സമാനതകളില്ലാത്ത പ്രതിരോധത്തിന്റെയും ഐക്യത്തിന്റെയും ത്യാഗങ്ങളുടെയും ഓർമ്മകൾ വീണ്ടും പുതുക്കുകയാണ്. ഭരണാധികാരികൾക്ക് ചുറ്റും അണിനിരന്ന് രാജ്യം വീണ്ടെടുത്ത അതേ നിശ്ചയദാർഢ്യത്തോടെയാണ് ഇന്നും കുവൈത്ത് ഉറച്ചുനിൽക്കുന്നത്. ഫെബ്രുവരി 28 മുതൽ രാജ്യത്തെ സുപ്രധാന സിവിലിയൻ, സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടെത്തുന്ന ഇറാന്റെ ആക്രമണങ്ങളെയും ഡ്രോൺ ഭീഷണികളെയും കുവൈത്ത് സൈന്യം ധീരമായി പ്രതിരോധിക്കുന്ന പശ്ചാത്തലത്തിൽ, ഈ ഓർമ്മദിനത്തിന് പ്രസക്തിയേറുന്നുണ്ട്.
അന്താരാഷ്ട്ര നിയമങ്ങളുടെയും നയതന്ത്ര കരാറുകളുടെയും നഗ്നമായ ലംഘനമായിരുന്നു ഇറാഖി അധിനിവേശം. എങ്കിലും ആ കറുത്ത നാളുകളിൽ ജനങ്ങൾ കാണിച്ച മാതൃകാപരമായ പ്രതിരോധവും സഹനവുമാണ് രാജ്യത്തെ വീണ്ടും കെട്ടിപ്പടുത്തത്. നേരിട്ട് ആ ക്രൂരത അനുഭവിച്ച മുതിർന്ന തലമുറയുടെ മനസ്സിൽ ആ കൈപ്പേറിയ ഓർമ്മകൾ മായാതെ കിടക്കുന്നു. ആ നാളുകൾ നേരിട്ട് കണ്ടിട്ടില്ലാത്ത പുതിയ തലമുറ, തങ്ങളുടെ പിതാക്കന്മാരിലൂടെയും മുത്തശ്ശന്മാരിലൂടെയും ആ ധീരകഥകൾ കേട്ടറിഞ്ഞ് ദേശീയ ബോധത്തോടെ മുന്നേറുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam