സൗദിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നാല് ഇന്ത്യൻ തൊഴിലാളികൾ മരിച്ചു; രണ്ട് പേർ ഗുരുതരാവസ്ഥയിൽ

By Web TeamFirst Published Dec 18, 2019, 6:02 PM IST
Highlights

ഉത്തർപ്രദേശ് സ്വദേശികളായ ഷൗക്കത്ത് അലി, ബൈരിലാൽ ശിവ് ബാലക്, രാജസ്ഥാനി ഗീവർദാലി ചന്ദ്, മുംബൈ സ്വദേശി ഫൈദ ഹുസ്സൈൻ സിദ്ധീഖി എന്നിവരാണ് മരിച്ചത്

റിയാദ്: വാഹനങ്ങൾ കൂട്ടിയിടിച്ച് സൗദി അറേബ്യയിൽ നാല് ഇന്ത്യൻ തൊഴിലാളികൾ മരിച്ചു. രണ്ടുപേരുടെ നില ഗുരുതരം. റിയാദിൽ നിന്ന് 700 കിലോമീറ്ററകലെ മക്ക റൂട്ടിൽ താഇഫിലാണ് തൊഴിലാളികൾ സഞ്ചരിച്ച മിനി ട്രക്കും സൗദി യുവാവിന്‍റെ കാറും കൂട്ടിയിടിച്ചത്. നെസ്മ കമ്പനിയുടെ ജീവനക്കാരായ 24 പേർ സഞ്ചരിച്ച ട്രക്കിനെ അതിവേഗതയിലെത്തിയ കാർ ഇടിക്കുകയായിരുന്നു.

ഉത്തർപ്രദേശ് സ്വദേശികളായ ഷൗക്കത്ത് അലി, ബൈരിലാൽ ശിവ് ബാലക്, രാജസ്ഥാനി ഗീവർദാലി ചന്ദ്, മുംബൈ സ്വദേശി ഫൈദ ഹുസ്സൈൻ സിദ്ധീഖി എന്നിവരാണ് മരിച്ചത്. താഇഫിൽ നിന്ന് സെയിലുൽ കബീർ വഴി മക്കയിലേക്കുള്ള റോഡിൽ ശറഫിയ എന്ന സ്ഥലത്ത് ബുധനാഴ്ച രാവിലെ ഏഴു മണിക്കായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ റോഡ് ഡിവൈഡറിൽ തട്ടി ട്രക്ക് മറിഞ്ഞു. സംഭവസ്ഥലത്ത് തന്നെ നാലുപേരും മരിച്ചു.

മൃതദേഹങ്ങൾ താഇഫ് കിങ് ഫൈസൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവരെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ കാറോടിച്ച യുവാവിന്‍റെയും മറ്റു രണ്ട് ഇന്ത്യക്കാരുടെയും നില ഗുരുതരമാണ്.

click me!