തിരിച്ചെത്തിയ പ്രവാസികളില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് മലപ്പുറം സ്വദേശിയായ 40കാരന്

By Web TeamFirst Published May 11, 2020, 6:16 PM IST
Highlights

സംസ്ഥാനത്ത് തിരിച്ചെത്തി കോവിഡ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശികളുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ച അബുദബിയില്‍ നിന്നെത്തിയ അങ്ങാടിപ്പുറം സ്വദേശിയും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലുണ്ട്. 

മലപ്പുറം ജില്ലയില്‍ വിദേശത്ത് നിന്ന് തിരിച്ചെത്തിയ ഒരു പ്രവാസിക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മെയ് ഒമ്പതിന് രാത്രി കുവൈത്തില്‍ നിന്ന് ഐ.എക്‌സ് - 396 എയര്‍ ഇന്ത്യ എക്‌സ്‍പ്രസ് വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയാള്‍ക്കാണ് രോഗം കണ്ടെത്തിയത്. പരിശോധനകള്‍ പൂര്‍ത്തിയാക്കി രാത്രി 12 മണിയ്ക്ക് 108 ആംബുലന്‍സില്‍ യാത്ര തിരിച്ച് മെയ് 10ന് പുലര്‍ച്ചെ നാല് മണിയ്ക്ക് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

രോഗബാധ സ്ഥിരീകരിച്ച 40 കാരൻ നിലമ്പൂര്‍ കരുളായി പാലേങ്കര സ്വദേശിയാണ്.  ഇയാൾ പക്ഷാഘാതത്തിനും പ്രമേഹത്തിനും ചികിത്സയിലുള്ളയാളാണ്. നിലവിൽ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ സംസ്ഥാനത്ത് തിരിച്ചെത്തി കോവിഡ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശികളുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ച അബുദബിയില്‍ നിന്നെത്തിയ അങ്ങാടിപ്പുറം സ്വദേശിയും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലുണ്ട്. ദുബായില്‍ നിന്നെത്തിയ കോട്ടക്കല്‍ ചാപ്പനങ്ങാടി സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും അബുദബിയില്‍ നിന്നെത്തിയ എടപ്പാള്‍ നടുവട്ടം സ്വദേശി കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയില്‍ തുടരുകയാണ്.

click me!