Latest Videos

വിസ, തൊഴില്‍ നിയമലംഘനങ്ങള്‍ക്ക് ഇതുവരെ പിടിയിലായത് 56 ലക്ഷം വിദേശികള്‍

By Web TeamFirst Published Jun 22, 2021, 3:34 PM IST
Highlights

അതിര്‍ത്തി ലംഘിച്ച് രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 116,908 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ 43 ശതമാനം പേരും യെമന്‍ സ്വദേശികളാണ്. 54 ശതമാനം ആളുകള്‍ എത്യോപ്യക്കാരും മൂന്നുശതമാനം പേര്‍ മറ്റ് രാജ്യക്കാരുമാണ്.

റിയാദ്: സൗദി അറേബ്യയില്‍ വിസ, തൊഴില്‍ നിയമലംഘനങ്ങള്‍ക്ക് കഴിഞ്ഞ നാലുവര്‍ഷത്തിനിടെ പിടിയിലായത് 56 ലക്ഷത്തിലധികം വിദേശികളെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്. 'നിയമലംഘകരില്ലാത്ത രാജ്യം' എന്ന പേരില്‍ 2017 മുതല്‍ ആഭ്യന്തര മന്ത്രാലയം ആരംഭിച്ച ക്യാമ്പയിനിലൂടെയാണ് ഇത്രയും പേര്‍ പിടിയിലായത്. ക്യാമ്പയിന്‍ തുടങ്ങിയ 2017 നവംബര്‍ 15 മുതല്‍ 2021 ജൂണ്‍ 16 വരെയുള്ള കാലയളവിലാണ്  5,615,884 നിയമലംഘകര്‍ പിടിയിലായത്. 

ഇതില്‍ 4,304,206 പേര്‍ താമസരേഖ നിയമങ്ങള്‍ ലംഘിച്ചതിനാണ് പിടിയിലാത്. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് 802,125 പേരും അതിര്‍ത്തി ലംഘനങ്ങള്‍ക്ക് 509,553 പേരും പിടിയിലായി. അതിര്‍ത്തി ലംഘിച്ച് രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 116,908 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ 43 ശതമാനം പേരും യെമന്‍ സ്വദേശികളാണ്. 54 ശതമാനം ആളുകള്‍ എത്യോപ്യക്കാരും മൂന്നുശതമാനം പേര്‍ മറ്റ് രാജ്യക്കാരുമാണ്. അടുത്ത രാജ്യങ്ങളിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച 9,508 പേരെയും നിയമലംഘകരെ അതിര്‍ത്തി കടത്താന്‍ ശ്രമിച്ച 8,222 പേരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. 714,208 നിയമലംഘകര്‍ക്കെതിരെ നടപടിയെടുത്തു. 901,700 പേരെ യാത്രാ രേഖകള്‍ ലഭ്യമാക്കുന്നതിനായി അതത് എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും കൈമാറി. 1,553,667 പേരെ നാടുകടത്തി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!