
ദുബായ്: മസാജിന്‍റെ പേരില്‍ പണം തട്ടുന്ന ഏഴു സ്ത്രീകളെ ദുബായ് പോലീസ് പിടികൂടി. ഒരു പുരുഷനിൽ നിന്നും 60,000 ദിർഹവും മറ്റൊരാളിൽ നിന്ന് 5,000 ദിർഹവുമാണ് യുവതികൾ തട്ടിയെടുത്തതെന്ന് ദുബായ് പോലീസിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏഷ്യക്കാരനായ വ്യക്തി ഫയല്‍ ചെയ്ത കേസാണ് സംഭവത്തിലെ വഴിത്തിരിവായത്.
ബാങ്കിൽ നിക്ഷേപിക്കാനുള്ള 60,000 ദിർഹം മാനേജർ ഇയാളെ ഏൽപ്പിച്ചിരുന്നു. മാനേജരെ വിമാനത്താവളത്തിൽ കൊണ്ടുവിട്ട ശേഷം എവിടെയാണ് നല്ല മസാജ് സെന്‍റര്‍ ലഭ്യമെന്ന് ഇയാൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടു. തുടർന്ന് ഒരാൾ നൽകിയ നമ്പറിൽ വിളിക്കുകയും മസാജ് സെന്‍ററിന്‍റെ വിലാസം നൽകുകയും ചെയ്തു.
അൽ റാഫയിലെ ഫ്ലാറ്റിൽ ഇയാൾ ഉച്ചയ്ക്ക് രണ്ടുമണിയോടെ ചെന്നുവെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. വാതിലിൽ മുട്ടിയപ്പോൾ പത്തോളം ആഫ്രിക്കൻ സ്ത്രീകൾ തന്നെ ആക്രമിക്കുകയും കയ്യിലുണ്ടായിരുന്ന പണം പിടിച്ചെടുക്കുകയും ചെയ്തുവെന്നാണ് കേസ്. തുടർന്ന് യുവതികൾ സ്ഥലത്തു നിന്നും രക്ഷപ്പെടുകയും ചെയ്തു.
മറ്റൊരു കേസിൽ 24 വയസ്സുള്ള ഉസ്ബക്കിസ്ഥാൻ പൗരനാണ് പരാതി നൽകിയത്. കാറിൽ കണ്ട ഒരു കാർഡിൽ നിന്നാണ് ഇയാൾ മസാജ് സെന്ററിലേക്ക് പോയത്. ജൂൺ രണ്ടാം വാരമാണ് സംഭവം ഉണ്ടായത്. കാർഡിൽ കണ്ട നമ്പറിൽ വിളിച്ച ഇയാൾക്ക് സംഘം അഡ്രസ് നൽകി. വാതിലിൽ മുട്ടിയപ്പോൾ ഒരു സംഘം ആഫ്രിക്കൻ സ്ത്രീകൾ ഇയാളെ അകത്തേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി എന്നാണ് പരാതി.
യുവാവിന്‍റെ വസ്ത്രങ്ങൾ മാറ്റി ദൃശ്യങ്ങൾ പകർത്താനും ശ്രമിച്ചു. തുടർന്ന് കയ്യിലുണ്ടായിരുന്ന 5000 ദിർഹം ഇവർ തട്ടിയെടുത്തു. സംഭവത്തെക്കുറിച്ച് പൊലീസിൽ അറിയിച്ചാൽ പകർത്തിയ നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പരാതികൾ ഏറിയപ്പോൾ ദുബായ് പൊലീസ് കേസ് അന്വേഷിക്കാൻ ഒരു പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. ഇവരാണ് ഏഴു സ്ത്രീകളെ ഒരു അപാർട്ട്മെന്റിൽ നിന്നും പിടികൂടിയത്. സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത അതേ സ്ഥലത്തുനിന്നാണ് ഇവരെ പിടികൂടിയതെന്ന് റാഫ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ അഹമ്മദ് താനി ബിൻ ഗഹൽടിയ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ