
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണം നൂറുകോടി കടന്നു. ഒന്‍പത് വയസുള്ള ഇന്ത്യന്‍ ബാലനാണ് നൂറുകോടിയെന്ന നേട്ടത്തിലേക്ക് വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരനായത്. ഫ്ലോറിഡയിലെ ഒര്‍ലാന്റോയില്‍ നിന്ന് എമിറേറ്റ്സ് ഇകെ 220 വിമാനത്തിലെത്തിയ അര്‍ജുനായിരുന്നു അപ്രതീക്ഷിതമായി വിമാനത്തതാവളത്തില്‍ താരമായത്.
അമ്മ രമ്യ, അച്ഛന്‍ വെങ്കിടേശ്, 13കാരനായ സഹോദരന്‍ വരുണ്‍ എന്നിവര്‍ക്കൊപ്പമാണ് അര്‍ജുന്‍ ദുബായിലെത്തിയത്. ദുബായ് എയര്‍പോര്‍ട്ട്സ് ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂമിന്റെ നേതൃത്വത്തില്‍ ഇവര്‍ക്ക് സ്വീകരണമൊരുക്കി. നാല് ദിവസത്തെ ദുബായ് സന്ദര്‍ശനമാണ് വിമാനത്താവളം അധികൃതര്‍ കുടുംബത്തിന് സമ്മാനമായി നല്‍കിയിരിക്കുന്നത്. അറ്റ്‍ലാന്റിസ് ഹോട്ടലിലെ താമസം മുതല്‍ ദുബായിലെ പ്രശസ്തമായ ആഡംബര ഹോട്ടലുകളിലെ വിരുന്നു ബുര്‍ജ് ഖലീഫ ഉള്‍പ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരവും ദുബായ് മാളിലെ ഷോപ്പിങ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ലഭിക്കും. ദുബായ് എയര്‍പോര്‍ട്ടിന്റെ സോഷ്യല്‍ മീഡിയ പേജില്‍ ഇവരുടെ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇവരുടെ ചിത്രങ്ങള്‍ സഹിതമാണ് ദുബായ് വിമാനത്താവളത്തിന്റെ നേട്ടങ്ങളെക്കുറിച്ച് ട്വീറ്റ് ചെയ്തത്.
1960 സെപ്തംബര്‍ 30നാണ് ദുബായ് വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയത്. പലതവണ സാങ്കേതിക സംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയ വിമാനത്താവളം വഴി നിലവില്‍ പ്രതിമാസം ശരാശരി 75 ലക്ഷത്തോളം പേരാണ് യാത്ര ചെയ്യുന്നത്. പ്രവര്‍ത്തനം തുടങ്ങി 51 വര്‍ഷങ്ങള്‍ക്ക് ശേഷം 2011 ഡിസംബര്‍ 31നായിരുന്നു യാത്രക്കാരുടെ എണ്ണം 50 കോടി കടന്നത്. പിന്നീട് വെറും ഏഴ് വര്‍ഷം കൊണ്ട് ഇത് ഇരട്ടിയായി മാറി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam