എയര്‍ഇന്ത്യ എക്സ്‍പ്രസ് വിമാനം വൈകി; 19 മണിക്കൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

By Web TeamFirst Published Dec 22, 2018, 9:44 AM IST
Highlights

കോഴിക്കോടേക്കുള്ള ഐ.എക്സ് 348 വിമാനം വെള്ളിയാഴ്ച രാത്രി 12.20നാണ് പുറപ്പെടേണ്ടിയിരുന്നത്. ബോര്‍ഡിങ് സമയത്താണ് ചില സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന അറിയിപ്പ് യാത്രക്കാര്‍ക്ക് നല്‍കിയത്. വിമാനം ഉടന്‍ പുറപ്പെടുമെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് കൂടുതല്‍ വൈകുമെന്ന് അറിയിച്ചു. 

അബുദാബി: അബുദാബിയില്‍ നിന്ന് കോഴിക്കോടേക്കുള്ള എയര്‍ ഇന്ത്യ എക്സ്‍പ്രസ് വിമാനം 16 മണിക്കൂറോളം വൈകിയത് യാത്രക്കാരെ വലച്ചു. പെട്ടെന്ന് പരിഹരിക്കാന്‍ കഴിയാതിരുന്ന ചില സാങ്കേതിക തകറുകളാണ് പ്രശ്നമായതെന്ന് എയര്‍ ഇന്ത്യ എക്സ്‍പ്രസ് അധികൃതര്‍ പിന്നീട് വിശദീകരിച്ചപ്പോള്‍, കൃത്യമായ അറിയിപ്പുകള്‍ നല്‍കുകയോ ഉത്തരവാദിത്തപ്പെട്ട ആരെയും ബന്ധപ്പെടാന്‍ കഴിയുകുകയോ ചെയ്തില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. 19 മണിക്കൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയെന്നും യാത്രക്കാര്‍ പറഞ്ഞു.

കോഴിക്കോടേക്കുള്ള ഐ.എക്സ് 348 വിമാനം വെള്ളിയാഴ്ച രാത്രി 12.20നാണ് പുറപ്പെടേണ്ടിയിരുന്നത്. ബോര്‍ഡിങ് സമയത്താണ് ചില സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന അറിയിപ്പ് യാത്രക്കാര്‍ക്ക് നല്‍കിയത്. വിമാനം ഉടന്‍ പുറപ്പെടുമെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് കൂടുതല്‍ വൈകുമെന്ന് അറിയിച്ചു. വിശ്രമിക്കാനുള്ള സൗകര്യം ആവശ്യമുള്ളവര്‍ക്ക് അത് ഏര്‍പ്പെടുത്താമെന്ന് അറിയിച്ചതനുസരിച്ച് ഒരു വിഭാഗം യാത്രക്കാരെ 5.30ഓടെ ഹോട്ടലിലെത്തിച്ചു. ഇതിനോടകം ചിലര്‍ ടിക്കറ്റ് റദ്ദാക്കി. താമസ സ്ഥലത്തേക്ക് തിരിച്ചുപോകേണ്ടവര്‍ക്ക് പോകാമെന്നും വിമാനം പുറപ്പെടുന്ന സമയം അറിയിക്കാമെന്നും വാഗ്ദാനം നല്‍കി. ടാക്സി കൂലി നല്‍കാമെന്നും ഇവരെ അറിയിച്ചതോടെ ചിലര്‍ താമസ സ്ഥലത്തേക്ക് മടങ്ങി.

രണ്ട് മണിക്കൂര്‍ കഴിഞ്ഞതോടെ ഹോട്ടലില്‍ പോയവരോട് തിരികെ വരാന്‍ നിര്‍ദ്ദേശിച്ചു. പത്ത് മണിക്ക് വിമാനം പുറപ്പെടുമെന്നും എട്ട് മണിയോടെ വിമാനത്താവളത്തില്‍ എത്താനുമായിരുന്നു അറിയിപ്പ്. എന്നാല്‍ പിന്നീട് സമയം പലതവണ നീട്ടി. ഒടുവില്‍ ഉച്ചയ്ക്ക് ശേഷം 2.30ഓടെയാണ് വിമാനത്തില്‍ കയറാന്‍ നിര്‍ദ്ദേശം വന്നത്. വിമാനത്തിനുള്ളില്‍ പിന്നെയും രണ്ട് മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നു. ഏറ്റവുമൊടുവില്‍ വൈകുന്നേരം 4.30ഓടെയാണ് വിമാനം കോഴിക്കോടേക്ക് പുറപ്പെട്ടത്.  എന്നാല്‍ അധികൃതരുടെ വാക്ക് വിശ്വസിച്ച് താമസ സ്ഥലത്തേക്ക് മടങ്ങിയവര്‍ക്ക് പിന്നീട് ഒരു അറിയിപ്പും ലഭിച്ചില്ലെന്നും പരാതി ഉയര്‍ന്നു. ഹോട്ടലില്‍ വിശ്രമിക്കാന്‍ പോയ സഹയാത്രികരുടെ ഫോണ്‍ നമ്പര്‍ കൈയിലുണ്ടായിരുന്നത് കൊണ്ട് അവരെ വിളിച്ചപ്പോള്‍ മാത്രമാണ് വിമാനം പുറപ്പെടുന്ന വിവരം അറിഞ്ഞതെന്നും പലരും പരാതിപ്പെട്ടു.

വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ചില സാങ്കേതിക പ്രശ്നങ്ങളാണ് വെള്ളിയാഴ്ച എയര്‍ ഇന്ത്യ എക്സ്‍പ്രസിനുണ്ടായതെന്ന് കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗം മേധാവി പി.ജി രാഗേഷ് പറഞ്ഞു. ബോര്‍ഡിങ് സമയത്ത് മാത്രമാണ് ചില സാങ്കേതിക പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെട്ടത്. ഇത്തിഹാദ് എയര്‍ലൈന്‍സിന്റെ എഞ്ചിനീയറിങ് വിഭാഗം ഇത് പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ ഇന്ത്യയില്‍ നിന്ന് സാങ്കേതിക സംഘത്തെ എത്തിച്ചു. ഇതിനിടെ ജീവനക്കാരുടെ ഡ്യൂട്ടി സമയം അവസാനിച്ചതോടെ വേറെ ജീവനക്കാരെയും എത്തിക്കേണ്ടിവന്നു. യാത്രക്കാര്‍ക്ക് ഭക്ഷണവും താമസ സൗകര്യവും അടക്കമുള്ള എല്ലാ സഹായവും ചെയ്തുകൊടുത്തിട്ടുണ്ടെന്നും സുരക്ഷാകാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാര്‍ക്ക് എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ അത് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

click me!