പ്രവാസികളെ തടഞ്ഞുനിര്‍ത്തി കവര്‍ച്ച; സൗദി അറേബ്യയില്‍ നാലംഗ സംഘം പിടിയില്‍

By Web TeamFirst Published Nov 19, 2021, 11:31 PM IST
Highlights

മോഷ്‍ടിച്ച കാറുകളില്‍ കറങ്ങി പണവും വിലപിടിപ്പുള്ള മറ്റ് സാധനങ്ങളും മോഷ്‍ടിച്ചിരുന്ന സംഘം ജിദ്ദയില്‍ അറസ്റ്റിലായി.

റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) വിദേശ തൊഴിലാളികളെ തടഞ്ഞുനിര്‍ത്തി പണവും വിലപിടിച്ച വസ്‍തുക്കളും കവര്‍ന്നിരുന്ന സംഘത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തു. ജിദ്ദയില്‍ (Jeddah) നിന്നാണ് നാലംഗ സംഘം പിടിയിലായത്. മോഷ്‍ടിച്ച കാറുകളില്‍ തന്നെ കറങ്ങിയായിരുന്നു പിടിച്ചുപറി നടത്തിയിരുന്നത്.

പിടിയിലായവരില്‍ മൂന്ന് പേര്‍ സൗദി സ്വദേശികളും ഒരാള്‍ ഈജിപ്‍തുകാരനുമാണ്. ഇവര്‍ മോഷ്‍ടിച്ച 22 കാറുകള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെടുത്തു. പ്രതികള്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന്‍ കൈമാറിയതായി മക്ക പ്രവിശ്യ പൊലീസ് അറിയിച്ചു.

സൗദി അറേബ്യയില്‍ ഹൈ-ടെക് രീതിയില്‍ കടത്തുകയായിരുന്ന 3600 കുപ്പി മദ്യം പിടിച്ചെടുത്തു
റിയാദ്:   സൗദി അറേബ്യയിലേക്ക് (Saudi Arabia) കടത്താന്‍ ശ്രമിച്ച 3612 കുപ്പി മദ്യം സക്കാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി (Zakat, Tax and Customs Authority) പിടിച്ചെടുത്തു. ജിദ്ദ ഇസ്ലാമിക് പോര്‍ട്ട് (Jeddah Islamic Port) വഴി എത്തിയ ഒരു കണ്ടെയ്‍നറില്‍ ഒളിപ്പിച്ചായിരുന്നു ഇവ കൊണ്ടുവന്നത്. ഹൈ-ടെക് രീതിയില്‍ ആര്‍ക്കും സംശയം തോന്നാത്ത വിധത്തിലാണ് മദ്യം കൊണ്ടുവന്നതെന്ന് കസ്റ്റംസ് അറിയിച്ചു.

തുറമുഖത്തെ സെക്യൂരിറ്റി സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ തന്നെ അധികൃതര്‍ മദ്യം കണ്ടെത്തുകയായിരുന്നു. ഇറക്കുമതി ചെയ്‍ത സാധനങ്ങള്‍  സൗദി അറേബ്യയില്‍ ഏറ്റുവാങ്ങാനെത്തിയ രണ്ട് പേരെ അധികൃതര്‍ അറസ്റ്റ് ചെയ്‍തിട്ടുണ്ട്. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ കര്‍ശന പരിശോധനയ്‍ക്ക് വിധേയമാക്കുന്നുണ്ടെന്ന് സക്കാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോരിറ്റി അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കള്ളക്കടത്തുകള്‍ തടയാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. 

click me!