
റിയാദ്: വാഹനാപകടത്തിൽ ഒരു സൗദി പൗരൻ (Accident death) മരിക്കാനിടയായ കേസിൽ വൻതുക ബ്ലഡ് മണി (Blood money) നല്‍കാനുള്ള വിധിയെ തുടര്‍ന്ന് സൗദിയിൽ കുടുങ്ങിയ മലയാളിക്കായി ഒത്തുചേര്‍ന്ന് മനുഷ്യസ്നേഹികളായ ഒരു പറ്റം പ്രവാസികൾ. 20 ലക്ഷം രൂപ സൗദി കോടതിയിൽ മോചനദ്രവ്യമായി കെട്ടിവെക്കാത്തതിനാൽ പത്ത് വർഷമായി നാട്ടിൽ പോകാനാവാതെ കുടുങ്ങിപ്പോയ പാലക്കാട് കൊടുവായൂർ സ്വദേശി ഉദയകുമാറിനെ നാട്ടിലെത്തിക്കാൻ സ്വന്തം കീശകളിൽ നിന്ന് പണമെടുത്ത് രംഗത്തിറങ്ങിയിരിക്കുകയാണ് സൗദിയുടെ തെക്കൻ പ്രവിശ്യയിലെ ഖമീസ് മുശൈത്തിൽ പ്രവാസി മലയാളികൾ.
സംഘടനകളും വ്യക്തികളും ചേർന്ന് ഈ പണം സ്വരൂപിച്ച് കോടതിയിൽ കെട്ടിവെച്ചു. ഇതോടെ യാത്രാവിലക്ക് മാറിക്കിട്ടിയ ഉദയകുമാർ ഞായറാഴ്ച നാട്ടിലേക്ക് തിരിക്കും. ഖമീസ് മുശൈത്തിൽ മണ്ണുമാന്തി യന്ത്രത്തിന്‍റെ ഓപ്പറേറ്ററായിരുന്നു ഉദയകുമാർ. ജോലിക്കിടെ റോഡ് സൈക്കിൽ ഒതുക്കിയിട്ട മണ്ണുമാന്തി യന്ത്രത്തിൽ സ്വദേശി പൗരന്റെ കാർ വന്നിടിച്ചു അദ്ദേഹം മരിച്ചു. യന്ത്രത്തിന്‍റെ ഓപ്പറേറ്റർ എന്ന നിലയിൽ അപകടത്തിന്റെ ഉത്തരവാദി ഉദയനായി. പൊലീസ് കസ്റ്റഡിയിൽ എടുത്ത് ജയിലിൽ അടച്ചു. സൗദി കോടതി 30 ലക്ഷം രൂപ ബ്ലഡ് മണിയായി വിധിച്ചു. ഇത്രയും തുക മരിച്ചയാളുടെ കുടുംബത്തിന് ഉദയകുമാർ നൽകണമെന്നായിരുന്നു വിധി.
രണ്ട് വർഷത്തിന് ശേഷം ജയിലിൽ നിന്ന് മോചിതനായെങ്കിലും പണം കോടതിയിൽ കെട്ടിവെക്കാത്തതിനാൽ നാട്ടിൽ പോകാൻ കഴിയില്ലായിരുന്നു. ഇങ്ങനെ പത്ത് വർഷം നാടുകാണാനായില്ല. സാമൂഹികപ്രവർത്തകരായ മജീദ് മണ്ണാർക്കാട്, സത്താർ ഒലിപ്പുഴ എന്നിവർ ഈ വിഷയം പൊതുജനശ്രദ്ധയിൽ കൊണ്ടുവന്നു. ഖമീസ് മുശൈത്തിലെ പ്രവാസികളും സംഘടനകളും ചേർന്ന് പണം പിരിച്ചു. ഇതിനിടെ മരിച്ചയാളുടെ കുടുംബം സാമൂഹിക പ്രവർത്തകരുടെ ശ്രമഫലമായി ബ്ലഡ് മണി കുറയ്ക്കാനും തയ്യാറായി. 20 ലക്ഷം രൂപയാക്കി കുറച്ചു. പ്രവാസികൾ സ്വരൂപിച്ച പണം കോടതിയിൽ കെട്ടിവെച്ചതോടെ ഉദയകുമാറിന് നാട്ടിലേക്ക് പോകാൻ വഴി തെളിയുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam