
മസ്കറ്റ്: ഒരു പതിറ്റാണ്ടിലേറെയായി ഒമാനിലെ ജയിലഴിക്കുള്ളിൽ കിടന്ന മലയാളി യുവാവിന് പുതുജീവിതം സമ്മാനിച്ച് മലയാളികളായ പ്രവാസികൾ. സുഹൃത്തിൻ്റെ ചതിയിൽപ്പെട്ട് ജയിലിലായ മനോജ് ആണ് വർഷങ്ങൾക്കുശേഷമാണ് പുറംലോകത്തെത്തുന്നത്. തിരുവനന്തപുരം സ്വദേശിയാണ് മനോജ്. സ്വന്തം കുടുംബാംഗങ്ങളെ കാണുവാൻ പോലും കഴിയാതെ അകപ്പെട്ടുപോയ ഇദ്ദേഹത്തിന് തുണയായത് ഒമാനിലെ പ്രവാസി ലീഗൽ സെല്ലാണ്.
സുഹൃത്തിൻ്റെ ചതിയിൽപ്പെട്ടാണ് മനോജ് ജയിലഴിക്കുള്ളിലായത്. ബിസിനസ് വിപുലീകരിക്കാമെന്നും പച്ചക്കറി സാധനങ്ങൾ അന്യദേശങ്ങളിൽ നിന്ന് കൊണ്ടുവന്ന് കച്ചവടം നടത്തി ലാഭകരമാക്കാമെന്നുമായിരുന്നു സുഹൃത്തിൻ്റെ വാക്കുകൾ. മനോജ് ഇത് വിശ്വസിച്ചു. വീടും സ്ഥലവും ബാങ്കിൽ പണയം വെച്ചു. അതിൽ നിന്ന് ലഭിച്ച തുകയും സ്പോൺസറിൽ നിന്നും വാങ്ങിയ ലക്ഷങ്ങളും സുഹൃത്ത് കൈക്കലാക്കി. ശേഷം, മനോജിനെ അറിയിക്കാതെ നാടുവിട്ടു. സാമ്പത്തികമായി എല്ലാം നഷ്ടപ്പെട്ട മനോജിൻ്റെ പേരിൽ കമ്പനികളും സ്പോൺസറും കേസു കൊടുത്തു. മനോജിൻ്റെ പേരിലെ വീടും സ്ഥലവും ജപ്തി ചെയ്തു. എന്നിട്ടും സുഹൃത്ത് തിരിഞ്ഞുനോക്കിയില്ലെന്ന് മനോജ് പറയുന്നു.
പ്രവാസി ലീഗൽ സെൽ വൈസ് പ്രസിഡൻ്റ് ജാസിം കരിക്കോടിൻ്റെ അരികിലേക്കാണ് മനോജിൻ്റെ കേസ് വന്നെത്തിയത്. ഒമാൻ സെസ്ട്രൽ ജയിലിൽ കിടക്കുന്ന മനോജിനെ ജാസിമിൻ്റെ നേതൃത്വത്തിൽ പ്രവാസി ലീഗൽ സെൽ അംഗങ്ങൾ പോയി കാണുകയും കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു. മനോജിൻ്റെ നിരപരാധാത്വം ബോധ്യപ്പെട്ടതിനെ തുടർന്ന് കോടതി ജാമ്യം നൽകി. പുറത്തിറങ്ങിയ മനോജ് പലവിധ ജോലികൾ ചെയ്ത് കടങ്ങൾ വീട്ടി. കടങ്ങളെല്ലാം വീട്ടിയതുകൊണ്ട് സ്പോൺസർ നാട്ടിൽ പോകാൻ അനുമതി നൽകി. എന്നാൽ, കേസ് ഉള്ളതിനാൽ എയർപോർട്ടിലെത്തിയ മനോജ് വീണ്ടും അഴിക്കുള്ളിലായി.
പിന്നീട്, ഒമാനിലെ നല്ലവരായ പ്രവാസി മലയാളികളും സംഘടനകളും വ്യക്തികളും നൽകിയ സഹായവും പിന്തുണയും കൊണ്ട് മനോജിന് പുറംലോകം കാണാനായി. ഒമാനിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മനോജ് പരാതി നൽകിയിട്ടുണ്ട്. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ ഭാഗത്ത് നിന്ന് അഡ്വ. ജോസ് എബ്രഹാം, അഡ്വ. ആർ മുരളിധരൻ, സുധീർ തിരുനിലത്ത് തുടങ്ങിയവർ തുടർന്നും മനോജിനും കുടുംബത്തിനും കേസുമായി മുന്നോട്ടു പോകുവാനുള്ള എല്ലാ സഹായങ്ങളും നിയമപരമായി ചെയ്തു കൊടുക്കാമെന്നും അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam