സൗദിയിലെ താമസസ്ഥലത്തിന് സമീപം മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച പുലർച്ചെ ജോലി കഴിഞ്ഞ് മുറിയിലെത്തി വിശ്രമിക്കുകയായിരുന്ന സുൽഫിക്കറിനെ പിന്നീട് കമ്പനിയിലെ മറ്റു ജീവനക്കാരാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

റിയാദ്: സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലുൾപ്പെട്ട ബേയ്ഷിലെ താമസസ്ഥലത്തിന് സമീപം മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മുക്കം സ്വദേശിയായ എടലമ്പാട് മുരിങ്ങാപുരായി കറുത്തപറമ്പ് കോയിസ്സെൻറ മകൻ സുൽഫിക്കർ (42) ആണ് മരിച്ചത്.

ജിസാൻ ബേയ്ഷിലെ അരാംകോ പദ്ധതിയിൽ ഇറാദത്ത് ട്രാൻസ്പോർട്ടേഷൻ കമ്പനിയിലെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച പുലർച്ചെ ജോലി കഴിഞ്ഞ് മുറിയിലെത്തി വിശ്രമിക്കുകയായിരുന്ന സുൽഫിക്കറിനെ പിന്നീട് കമ്പനിയിലെ മറ്റു ജീവനക്കാരാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം തുടർനടപടികൾക്കായി ബേയ്ഷ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ജിസാൻ കെ.എം.സി.സി വെൽഫെയർ വിങ് കൺവീനർ സമീർ അമ്പലപ്പാറയുടെയും ബേയ്ഷ് ഏരിയ കെ.എം.സി.സി പ്രവർത്തകരുടെയും നേതൃത്വത്തിൽ നിയമനടപടികൾ പുരോഗമിക്കുന്നു. പരേതന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.