
റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്‍റെ മോചനത്തിനായി രൂപവത്കരിച്ച റിയാദ് റഹീം സഹായ സമിതി കേസുമായി ബന്ധപ്പെട്ട് നിയമപരമായുള്ള എല്ലാ കാര്യങ്ങളും പൂർത്തീകരിച്ചതായി സഹായ സമിതി സ്റ്റിയറിങ് കമ്മിറ്റി അറിയിച്ചു.
ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചു. അവസാന കടമ്പയായി ബാക്കിയുണ്ടായിരുന്നതായിരുന്നു, ഇന്ത്യൻ എംബസി റിയാദ് ഗവർണറേറ്റിന് നൽകിയ ഒന്നര കോടി സൗദി റിയാലിന്‍റെ ചെക്കും വാദിഭാഗത്തിെൻറ അറ്റോർണി ഗവർണറേറ്റിലെത്തി ഒപ്പുവെച്ച അനുരഞ്ജന കരാറും അനുബന്ധ രേഖകളും കോടതിയിലെത്തിക്കുക എന്നത്. പെരുന്നാൾ അവധിക്ക് മുമ്പുള്ള അവസാന പ്രവൃത്തിദിനമായ തിങ്കളാഴ്ചയാണ് ഇതെല്ലാം കോടതിയിൽ എത്തിയതെന്ന് റഹീമിെൻറ കുടുംബത്തിെൻറ പവർ ഓഫ് അറ്റോർണി സിദ്ധിഖ് തുവ്വൂർ അറിയിച്ചു.
ഈദ് അവധി കഴിഞ്ഞ് കോടതി തുറന്നാലുടൻ മോചനത്തിനുള്ള നടപടികൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കോടതി കേസ് പരിഗണിക്കുന്ന ദിവസം ഇരു വക്കീലുമാരോടും ഹാജരാകാൻ കോടതി ആവശ്യപ്പെടും. തുടർന്ന് വധശിക്ഷ റദ്ദ് ചെയ്യുന്ന വിധിയാണ് ആദ്യമുണ്ടാകുക. അത് കഴിഞ്ഞാൽ മോചന ഉത്തരവിൽ കോടതി ഒപ്പ് വെക്കുമെന്നാണ് കരുതുന്നത്. അതോടെ മോചനം സാധ്യമാകും. കേസുമായി ബന്ധപ്പെട്ട എല്ലാ പുരോഗതികളും റിയാദിലെ ജയിലിൽ കഴിയുന്ന റഹീമിനെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ നേരിട്ട് അറിയിക്കുന്നുണ്ട്.
Read Also - കോസ്മെറ്റിക് സർജറി ചെയ്തവര്‍ ശ്രദ്ധിക്കുക; പാസ്പോർട്ടിൽ ഫോട്ടോ അപ്ഡേറ്റ് ചെയ്യണമെന്ന് അധികൃതര്‍
ഇതുവരെയുള്ള കേസുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് തിങ്കളാഴ്ച ബത്ഹ ഡി-പാലസ് ഹോട്ടലിൽ സഹായ സമിതി സ്റ്റിയറിങ് കമ്മിറ്റി ചേർന്നു. സമിതി ചെയർമാൻ സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ സ്വാഗതം പറഞ്ഞു. കേസിെൻറ ഇതുവരെയുള്ള പുരോഗതിയും തുടർന്നുണ്ടാകാൻ പോകുന്ന കോടതി നടപടികളെ കുറിച്ചും സിദ്ധിഖ് തുവ്വൂർ, സഹായസമിതി വൈസ് ചെയർമാൻ മുനീബ് പാഴൂർ എന്നിവർ സംസാരിച്ചു.
നാളിതുവരെയുള്ള കേസുമായ ബന്ധപ്പെട്ട റിപ്പോർട്ട് ട്രഷറർ സെബിൻ ഇഖ്ബാൽ അവതരിപ്പിച്ചു. കോഓഡിനേറ്റർ ഹർഷദ് ഫറോക്, കുഞ്ഞോയി കോടമ്പുഴ, മുഹിയുദ്ധീൻ ചേവായൂർ, ഷമീം മുക്കം, നവാസ് വെള്ളിമാട്കുന്ന്, സുധീർ കുമ്മിൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ᐧ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam