
റിയാദ്: സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനത്തിനായുള്ള ദയാ ധനം വിദേശ കാര്യമന്ത്രാലയത്തിന്‍റെ അക്കൗണ്ടിലേക്ക് കൈമാറി. മുപ്പത്തിനാല് കോടി മുപ്പത്തഞ്ച് ലക്ഷം രൂപയാണ് അബ്ദുള്‍ റഹീം നിയമസഹായ സമിതി കൈമാറിയത്.
പണം കൈമാറിയതോടെ പതിനെട്ട് വര്‍ഷമായ സൗദി ജയിലില്‍ കഴിയുന്ന കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനത്തിനായുള്ള നടപടികള്‍ അവസാന ഘട്ടിലേക്ക് കടന്നു. ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശ പ്രകാരമാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചത്. വൈകാതെ തന്നെ എംബസി കോടതിയുടെ പേരിലുള്ള സര്‍ട്ടിഫൈഡ് ചെക്ക് റിയാദ് ഗവര്‍ണ്ണറേറ്റിന് കൈമാറും. ചെക്ക് ലഭിച്ചാലുടന്‍ അനുരഞ്ജന കരാറില്‍ ഒപ്പുവെക്കും. കൊല്ലപ്പെട്ട സൗദി പൗരന്‍റെ അനന്തരാവകാശികളോ കോടതി സാക്ഷ്യപ്പെടുത്തിയ പവര്‍ഓഫ് അറ്റോണിയുള്ള അഭിഭാഷകനോ ഗവര്‍ണ്ണര്‍ക്ക് മുന്നില്‍ ഹാജരാകും. ഒപ്പം അബ്ദുൽ റഹീമിന്‍റെ അഭിഭാഷകനും ഗവര്‍ണ്ണറേറ്റിലെത്തി കരാറില്‍ ഒപ്പും വെക്കും.
പിന്നീട് കരാര്‍ രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കും. കോടതി രേഖകള്‍ പരിശോധിച്ച് അന്തിമ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുമെന്ന് റിയാദിലെ അബ്ദുൽ റഹീം നിയമസഹായ സമിതി അറിയിച്ചു. ഈ നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് നിയമസഹായ സമിതി. പതിനെട്ട് വര്‍ഷമായി വധശിക്ഷക്ക് വിധിക്കപ്പെട്ട് അബ്ദുൽ റഹീം സൗദി അറേബ്യയിലെ ജയിലിലാണ്. സൗദി പൗരന്‍റെ വീട്ടിലായിരുന്നു അബ്ദുൽ റഹീമിന് ജോലി.
അവിടുത്തെ രോഗിയായ കുട്ടിയെ പരിചരിക്കുന്നതിനിടെ കുട്ടിയുടെ കഴുത്തില്‍ വെച്ച ജീവന്‍ രക്ഷ ഉപകരണം അബ്ദുൽ റഹീമിന്‍റെ കൈതട്ടി കുട്ടി മരിച്ചു. തുടര്‍ന്നാണ് സൗദി കോടതി അബ്ദുൽ റഹീമിന് വധശിക്ഷ വിധിച്ചത്.കുട്ടിയുടെ കുടുംബം ദയാധനം നല്‍കിയാല്‍ മാപ്പ് നല്‍കുമെന്ന് അറിയിച്ചതോടെയാണ് സുമനസുകളില്‍ നിന്നുള്ള പൊതുധനസമാഹരണത്തിലൂടെ ദയാധനമായ മുപ്പത്തിനാലര കോടിയോളം രൂപ സ്വരൂപിച്ചത്. ഈ പണമാണ് ഇപ്പോള്‍ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ