Gulf News|ചൂണ്ടയിട്ട് മീന്‍ പിടിക്കുമോ? കോടികള്‍ സമ്മാനം

By Web TeamFirst Published Nov 21, 2021, 10:54 PM IST
Highlights

യുഎഇ ദേശീയ ദിനമായ ഡിസംബര്‍ രണ്ടിന് ആരംഭിച്ച് അടുത്ത വര്‍ഷം ഏപ്രില്‍ രണ്ടുവരെ നടക്കുന്ന അല്‍ ദഫ്ര ഗ്രാന്‍ഡ് കിങ്ഫിഷ് ചാമ്പ്യന്‍ഷിപ്പിലാണ് അപൂര്‍വ്വ അവസരം ലഭിക്കുക. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാം.

അബുദാബി: ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നവര്‍ക്ക് വന്‍തുകയുടെ സമ്മാനങ്ങള്‍ നേടാന്‍ അവസരം. അബുദാബി കിങ്ഫിഷ് ചാമ്പ്യന്‍ഷിപ്പിന്റെ(Abu Dhabi Kingfish championship) ഭാഗമായുള്ള മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്കാണ് സമ്മാനം ലഭിക്കുക. ആകെ 20 ലക്ഷം ദിര്‍ഹത്തിലേറെ(നാല് കോയിലധികം ഇന്ത്യന്‍ രൂപ) ആണ് സമ്മാനത്തുക. നെയ്മീനെന്നും അയക്കൂറയെന്നും മലയാളികള്‍ വിളിക്കുന്ന കിങ് ഫിഷ് പിടിച്ച് വന്‍തുക സമ്മാനം നേടാനുള്ള അവസരമാണ് ഒരുങ്ങുന്നത്. വിവിധ മത്സര വിഭാഗങ്ങളില്‍ വിജയിക്കുന്ന 60 പേര്‍ക്ക് സമ്മാനത്തുക വീതിച്ചു നല്‍കും.

യുഎഇ ദേശീയ ദിനമായ ഡിസംബര്‍ രണ്ടിന് ആരംഭിച്ച് അടുത്ത വര്‍ഷം ഏപ്രില്‍ രണ്ടുവരെ നടക്കുന്ന അല്‍ ദഫ്ര ഗ്രാന്‍ഡ് കിങ്ഫിഷ് ചാമ്പ്യന്‍ഷിപ്പിലാണ് അപൂര്‍വ്വ അവസരം ലഭിക്കുക. കിങ്ഫിഷ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം പതിപ്പാണ്. അബുദാബിയിലെ കിങ്ഫിഷ് മത്സ്യബന്ധന സീസണിന്റെ ഭാഗമായി അല്‍ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുക. മൂന്ന് മത്സരങ്ങളാണ് ഇത്തവണ ചാമ്പ്യന്‍ഷിപ്പിലുള്ളത്. ദല്‍മ, അല്‍ മുഗീറ, അല്‍ ദഫ്ര ഗ്രാന്‍ഡ് ചാമ്പ്യന്‍ഷിപ്പുകള്‍ ഇതില്‍പ്പെടും. ദല്‍മ ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ രണ്ടു മുതല്‍ അഞ്ചു വരെയും അല്‍ മുഗീറ ജനുവരി ആറ് മുതല്‍ ഒമ്പത് വരെയും അല്‍ ദഫ്ര ഗ്രാന്‍ഡ് ചാമ്പ്യന്‍ഷിപ്പ് 2022 മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ രണ്ടു വരെയുമാണ് നടക്കുക. ഇത്തവണ സമ്മാനങ്ങളുടെ എണ്ണം 60 ആയി ഉയര്‍ത്തിയിട്ടുണ്ട്. 

യഥാക്രമം 460,000 ദിര്‍ഹം, 680,000 ദിര്‍ഹം, 920,000 ദിര്‍ഹം എന്നിവയാണ് മൂന്ന് ചാമ്പ്യന്‍ഷിപ്പുകളിലെയും സമ്മാനത്തുക. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാം. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും പങ്കെടുക്കാനാകും. ട്രോളിങ് മാത്രമാണ് ചാമ്പ്യന്‍ഷിപ്പില്‍ അനുവദനീയമായ മത്സ്യബന്ധന രീതി. എല്ലാത്തരും വലകളും കുന്തവും തോക്കുകളും ഉപയോഗിച്ചുള്ള മീന്‍പിടുത്തം നിരോധിച്ചിട്ടുണ്ട്. ചൂണ്ടയിട്ട് പിടിച്ച മത്സ്യം രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറ് വരെ കമ്മറ്റി ഓഫീസില്‍ പ്രദര്‍ശിപ്പിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ kingfish.aldhafrafestival.com എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക.  

click me!